പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; ജാഗ്രതാനിർദ്ദേശം

news image
Feb 11, 2026, 4:15 am GMT+0000 payyolionline.in

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് യുവി സൂചിക ഏറ്റവും ഉയർന്നു നിൽക്കുന്നത്. ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർക്ക് പുറമെ ചർമ-നേത്ര രോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരും പ്രത്യേക ജാഗ്രത പുലർത്തണം.

 

പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. യാത്രയ്ക്കിടയിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കണം.

മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും പൊതുവെ യുവി സൂചിക കൂടുതലായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും അപകടസാധ്യത നിലനിൽക്കുന്നു. കൂടാതെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ തീരപ്രദേശങ്ങളിലും ജാഗ്രത വേണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 14 സ്റ്റേഷനുകളിലായി സജ്ജീകരിച്ചിട്ടുള്ള സംവിധാനത്തിലൂടെ തത്സമയ യുവി സൂചിക വിവരങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe