തിരുവനന്തപുരം: നിക്ഷേപിച്ച പണം ഇരട്ടിയായി തിരിച്ചുനല്‍കുമെന്ന് വാഗ്ദാനം നൽകി നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ശാസ്തമംഗലം ‘ഗ്രാവിറ്റി വെന്‍ച്വര്‍ നിധി’ മനേജിങ് ഡയറക്ടറും മാര്‍ത്താണ്ഡം സ്വദേശിയുമായ ബിജുവിനെയാണ്(40) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായവരില്‍ നല്ലൊരു ശതമാനവും മുന്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണ്.
ഷെയര്മാര്ക്കറ്റിങ്ങിന്റെ പേരിലാണ് ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. പണം നിക്ഷേപിച്ചാല്‍ ഒരു വര്‍ഷംകൊണ്ട് ഇരട്ടിയാക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ആദ്യഘട്ടത്തില്‍ 10 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് 20 ലക്ഷംവരെ കൊടുത്ത് ഇയാള്‍ നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റി. ഒടുവില്‍ വന്‍ തുക എത്തിയതോടെ മുഴുവന്‍ പണവുമായി ഇയാള്‍ മുങ്ങുകയായിരുന്നു.
ജീവനക്കാരെ ഉപയോഗിച്ച് കാന്‍വാസിങ് നടത്തിയാണ് നിക്ഷേപകരെ കണ്ടെത്തിയിരുന്നത്. മ്യൂസിയം സി.ഐ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.