പണിമുടക്കിൻ്റെ പേരിൽ ഭീഷണിപ്പെടുത്തി സർക്കാർ ഓഫിസുകൾ അടപ്പിക്കുന്നതു ഗുരുതര കുറ്റമാണെന്നും അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. ദേശീയ പണിമുടക്കു ദിവസത്തിൽ പീരുമേട്ടിലെ തപാൽ ഓഫിസ് ബലമായി അടപ്പിച്ച് പോസ്റ്റ് മാസ്റ്ററെ കയ്യേറ്റം ചെയ്ത കേസിൽ സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂലൈ 9നു തപാൽ ഓഫീസ് അടപ്പിച്ച്, പോസ്റ്റ് മാസ്റ്ററും എഫ്എൻപിഒ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഡോ. ഗിന്നസ് മാടസാമയെ കയ്യേറ്റം ചെയ്തെന്നാണു കേസ്. കേസിൽ ഒന്നു മുതൽ 4 വരെ പ്രതികളായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.തിലകൻ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ്റ് ആർ.ദിനേശൻ, സിപിഎം പീരുമേട് ലോക്കൽ സെക്രട്ടറി വി.എസ് പ്രസന്നൻ, മുൻ എൻജിഒ യൂണിയൻ നേതാവ് സി.വിജയകുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു തള്ളിയത്.
നിരോധിത ഹർത്താലുകൾക്കും പ്രതിഷേധങ്ങൾക്കും ആഹ്വാനം ചെയ്യുന്നവർ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യമോ പ്രവർത്തനമോ തടസ്സപ്പെടുത്താതെ സ്വയം വിട്ടുനിന്നു പ്രതിഷേധിക്കുകയാണു വേണ്ടതെന്ന മുൻ ഉത്തരവുകൾ കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ സർക്കാർ ഓഫിസ് തുറന്നു ജോലി ചെയ്ത ഉദ്യോഗസ്ഥൻ്റെ കരണത്തടിച്ച കേസിന്റെ ഗൗരവം പരിഗണിക്കണം. നിയമം കയ്യിലെടുത്തവർക്കു മുൻകൂർ ജാമ്യത്തിന്റെ സംരക്ഷണം നൽകുന്നതു കുറ്റകൃത്യം ആവർത്തിക്കാൻ പ്രേരണയാകും. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നൽകുന്നതു നിയമ വാഴ്ചയ്ക്കു നിരക്കുന്നതല്ലെന്നു പറഞ്ഞ കോടതി, പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായ ശേഷം അറസ്റ്റ് ഉണ്ടായാൽ മജിസ്ട്രേട്ട് കോടതിയിൽ ജാമ്യത്തിനു ശ്രമിക്കണമെന്നു നിർദേശിച്ചു.