പതിറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ; മരണസംഖ്യ 39 ആയി, 24 പേരുടെ നില ഗുരുതരം

news image
Jan 19, 2026, 2:42 pm GMT+0000 payyolionline.in

തെക്കൻ സ്പെയിനിൽ അതിവേഗ ട്രെയിൻ പാളം തെറ്റി മറ്റൊന്നിൽ ഇടിച്ച് നടന്ന വൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. 120 ലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടത്തിനാണ് ഇന്നലെ കോർഡോബ പ്രവിശ്യയിലെ അദാമുസ് എന്ന പട്ടണം സാക്ഷ്യം വഹിച്ചത്. പരിക്കേറ്റവരിൽ 5 പേരുടെ നില അതീവ ഗുരുതരവും 24 പേരുടെ നില ഗുരുതരവുമാണെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിനാണ് അദാമുസിന് സമീപം പാളം തെറ്റി, അടുത്തുള്ള ട്രാക്കിലൂടെ എതിരെ വരുകയായിരുന്ന മറ്റൊരു ട്രെയിനിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ രണ്ടാമത്തെ ട്രെയിനും പാളം തെറ്റി മറഞ്ഞത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

മലാഗ-മാഡ്രിഡ് ട്രെയിനിൽ ഏകദേശം 300 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. കോച്ചുകൾ ഇടിച്ചു ചളുങ്ങിയ ലോഹക്കൂടുകൾ പോലെ ആവുകയും ആളുകൾ അതിനകത്ത് കുടുങ്ങുകയും ചെയ്തത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ചില കോച്ചുകൾ 13 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് മാഡ്രിഡിനും സെവില്ലെ, മലാഗ തുടങ്ങിയ നഗരങ്ങൾക്കുമിടയിലുള്ള അതിവേഗ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

ദുരന്തത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, രാജാവ് ഫെലിപ്പ് ആറാമൻ എന്നിവർ ദുഃഖം രേഖപ്പെടുത്തി. ‘രാജ്യത്തിന് ഇന്ന് അഗാധമായ വേദനയുടെ രാത്രിയാണ്’ എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ള ലോക നേതാക്കളും അപകടത്തിൽ അനുശോചിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe