പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ടൗണിന് സമീപം പ്രവർത്തിക്കുന്ന ഫാൻ, ഫർണിച്ചർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം. പന്തിരിക്കര കൂടത്താങ്കണ്ടി സൂപ്പിയുടെ ഉടമസ്ഥതയിലുള്ള ‘മിറാനോ’ ഫാൻ നിർമ്മാണ യൂണിറ്റിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ തീപിടിത്തമുണ്ടായത്. ഏകദേശം 60 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉടമ അറിയിച്ചു.
യൂണിറ്റിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് തീ പടർന്നത്. ഫാൻ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾക്ക് പുറമെ ഫർണ്ണിച്ചർ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മരത്തടികളും തീപിടിത്തത്തിൽ നശിച്ചു. യൂണിറ്റിൽ നിന്ന് വലിയ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഉടമയുടെ വീടിനോട് ചേർന്നാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.
പേരാമ്പ്ര, നാദാപുരം അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർമാരായ പി.കെ. ഭരതൻ, വരുൺ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
