പബ്ജി പ്രണയകഥ, സീമ ഹൈദര്‍ തിരികെ പാകിസ്താനിലെത്തിയില്ലെങ്കില്‍ ഭീകരാക്രമണമെന്ന് പൊലീസിന് ഭീഷണി സന്ദേശം

news image
Jul 14, 2023, 5:31 am GMT+0000 payyolionline.in

മുംബൈ: ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ തേടി മക്കളുമായി ഇന്ത്യയിലെത്തിയ വനിത തിരിച്ച് പാകിസ്താനിലേക്ക് എത്തിയില്ലെങ്കില്‍ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. മഹാരാഷ്ട്രയിലെ മുംബൈ ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ബുധനാഴ്ചയാണ് ഭീഷണിക്കത്ത് എത്തിയത്. വിദേശ ബന്ധമുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് വാട്ട്സ് ആപ്പ് സന്ദേശമായാണ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി

 


സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനും ഭീഷണി എന്തെങ്കിലും തമാശയാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഉര്‍ദുവിലുള്ള സന്ദേശത്തില്‍ സീമ ഹൈദര്‍ പാകിസ്താനില്‍ തിരികെ എത്തിയില്ലെങ്കില്‍ ഇന്ത്യ നശിപ്പിക്കപ്പെടും. 26/11 ന് സമാനമായ ആക്രമണം ഉണ്ടാവും അതിന് ഉത്തര്‍ പ്രദേശ് സര്‍ക്കാരാവും ഉത്തരവാദി എന്നാണ് വിശദമാക്കുന്നത്. 2008 നവംബര്‍ 26നുണ്ടായ ഭീകരാക്രമണത്തില്‍ മുംബൈയില്‍ 164 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗ് ആയ പബ്ജിയിലൂടെ പരിചയപ്പെട്ട പ്രണയത്തിലായതിന് പിന്നാലെയാണ് ഇന്ത്യക്കാരനായ യുവാവിനെ തേടി സീമ ഹൈദര്‍ മക്കളോടൊപ്പം നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ ഇവര്‍ രണ്ട് പേര്‍ ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തിരുന്നു.

2019ലാണ് പബ്ജി ഗെയിമിനിടെയുള്ള സീമ ഹൈദര്‍ സച്ചിനുമായി പ്രണയത്തിലാവുന്നത്. ആവശ്യമായ രേഖകള്‍ കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും അതിന് ഒത്താശ ചെയ്തതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. മുതിര്‍ന്നവരുടെ കാല് തൊട്ട് വന്ദിക്കുന്നതും, കൈകള്‍ കൂപ്പി അഭിസംബോധന ചെയ്യുന്നതും സസ്യാഹാര രീതിയിലേക്കും ജീവിതം മാറിയെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് സീമ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്‍റെ വിശ്വാസ രീതികള്‍ പൂര്‍ണമായി ഹിന്ദു രീതികളിലേക്ക് മാറിയെന്നും സീമ വിശദമാക്കിയിരുന്നു. സച്ചിനും വീട്ടുകാരും വെളുത്തുള്ളി കഴിക്കാത്തത് മൂലം അതും ഭക്ഷണത്തില്‍ നിന്നൊഴിവാക്കിയെന്നും സീമ അവകാശപ്പെട്ടിരുന്നു.

പാകിസ്താനിലേക്ക് തിരിച്ച് പോകില്ലെന്നും പോകേണ്ടി വന്നാല്‍ ജീവന്‍ നഷ്ടമായേക്കുമെന്നുമാണ് സീമ വിശദമാക്കിയത്. സീമയ്ക്കൊപ്പം ഇന്ത്യയിലെത്തിയ നാല് മക്കള്‍ക്കും പാകിസ്താനിലേക്ക് പോകണമെന്ന ആഗ്രഹമില്ലെന്നാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര പൊലീസിന് ഉറുദുവിലുള്ള ഭീഷണി സന്ദേശം ലഭിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe