പയ്യന്നൂരിലെ ‘ചുവപ്പുകോട്ട’ തകർന്നു; അട്ടിമറി വിജയവുമായി വി. കുഞ്ഞികൃഷ്ണൻ ചരിത്രം കുറിച്ചു

news image
May 4, 2026, 8:27 am GMT+0000 payyolionline.in

പയ്യന്നൂർ: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ, ഇടത് പാർട്ടികളുടെ ഉറച്ച കോട്ടയായ പയ്യന്നൂർ മണ്ഡലത്തിൽ ചരിത്രപരമായ അട്ടിമറി. സിപിഎം സിറ്റിങ് എംഎൽഎ ടി.ഐ. മധുസൂദനനെ പരാജയപ്പെടുത്തി യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ വിജയിച്ചു. 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞികൃഷ്ണന്റെ വിജയം. പയ്യന്നൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ വിജയിക്കുന്നത്.

പാർട്ടിക്കുള്ളിൽനിന്നും പുറത്തുനിന്നും ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ ടി.ഐ. മധുസൂദനന് വലിയ തിരിച്ചടിയായെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്തുപോയ വി. കുഞ്ഞികൃഷ്ണൻ മത്സരരംഗത്തിറങ്ങിയത് മുതൽ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. കോൺഗ്രസ് കാറ്റ് വീശുമ്പോൾ പോലും ഉലയാത്ത പയ്യന്നൂരിലെ കോട്ട, ഇത്തവണ അഴിമതി ആരോപണങ്ങളുടെ നിഴലിൽ തകർന്നടിയുകയായിരുന്നു.

പത്തൊൻപതാം റൗണ്ട് വരെ നീണ്ട വോട്ടെണ്ണലിൽ കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ റൗണ്ടിൽ ടി.ഐ. മധുസൂദനൻ ലീഡ് നിലനിർത്തിയെങ്കിലും, നാലാം റൗണ്ട് പിന്നിട്ടതോടെ വി. കുഞ്ഞികൃഷ്ണൻ ശക്തമായി തിരിച്ചു വന്നു. അഞ്ചാം റൗണ്ടിൽ മധുസൂദനൻ ചെറിയ ലീഡ് നേടിയെങ്കിലും ആറ് മുതൽ പത്ത് വരെയുള്ള റൗണ്ടുകളിൽ കുഞ്ഞികൃഷ്ണൻ വ്യക്തമായ ആധിപത്യം പുലർത്തി. പതിനൊന്നാം റൗണ്ടിൽ മധുസൂദനൻ വീണ്ടും ലീഡ് തിരിച്ചുപിടിച്ചെങ്കിലും പന്ത്രണ്ടാം റൗണ്ടോടെ വിജയം വി. കുഞ്ഞികൃഷ്ണനിലേക്ക് മാറിമറിഞ്ഞു. വെള്ളൂർ, കോറോം, കരിവെള്ളൂർ, പെരിങ്ങോം തുടങ്ങിയ മേഖലകളിലെ വോട്ടുകളും യുഡിഎഫ് കോട്ടകളിലെ വോട്ടുകളും കുഞ്ഞികൃഷ്ണന്റെ വിജയത്തിന് കരുത്തായി.

കണക്കുകളിലെ ചരിത്രം
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,87,914 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത് (90,406 പുരുഷന്മാർ, 97,505 സ്ത്രീകൾ, 3 ട്രാൻസ്ജെൻഡർ വോട്ടർമാർ).

സിപിഎമ്മിന്റെ അഭിമാന മണ്ഡലമായിരുന്നു പയ്യന്നൂർ. എ.വി. കുഞ്ഞമ്പു, എം.വി. രാഘവൻ, പിണറായി വിജയൻ, പി.കെ. ശ്രീമതി, സി. കൃഷ്ണൻ തുടങ്ങിയ പ്രമുഖർ വിജയിച്ചു കയറിയ മണ്ഡലത്തിൽ, ടി.ഐ. മധുസൂദനൻ കഴിഞ്ഞ തവണ 49,780 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. 62.49% വോട്ടുകൾ നേടി അന്ന് വൻ വിജയം നേടിയ സ്ഥാനാർത്ഥിക്കേറ്റ ഈ പരാജയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓരോ തെരഞ്ഞെടുപ്പുകളിലും വോട്ട് നില ഉയർത്താൻ സാധിച്ച സിപിഎമ്മിന്, ഇത്തവണ ഭരണവിരുദ്ധ വികാരവും സ്ഥാനാർത്ഥിക്കെതിരായ ആരോപണങ്ങളും വലിയ വെല്ലുവിളിയായി മാറി. ഫലം പുറത്തുവന്നതോടെ വലിയ ആഘോഷങ്ങളാണ് മണ്ഡലത്തിലുടനീളം യുഡിഎഫ് പ്രവർത്തകർ സംഘടിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe