പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ RSP; സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ഷിബു ബേബി ജോൺ

news image
Mar 17, 2026, 10:45 am GMT+0000 payyolionline.in

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വി കുഞ്ഞികൃഷ്ണനെ പിന്തുണക്കാൻ ആർഎസ്പി. പയ്യന്നൂരാണ് അഞ്ചാമത്തെ സീറ്റായി ലഭിച്ചതെന്നും അവിടെ സഖാവ് വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായും കുഞ്ഞികൃഷ്ണനുമായും ചർച്ച ചെയ്തു. ഇവരുടെയെല്ലാം അനുമതിയോടുകൂടിയാണ് തീരുമാനം. മണ്ഡലത്തിൽ ആർഎസ്പിക്ക് സ്ഥാനാർത്ഥി ഉണ്ടാകില്ല.യുഡിഎഫ് മൊത്തത്തിൽ പിന്തുണ നൽകുന്ന കാര്യത്തിൽ അവരുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി ഇടഞ്ഞത്. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് നിയമസഭാതെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചത്. താൻ തുടങ്ങി വച്ച പോരാട്ടം തുടരാൻ മത്സരിക്കേണ്ടത് അനിവാര്യമാണെന്നും ആരോപണ വിധേയനായ വ്യക്തിയെ മത്സരിപ്പിക്കാൻ ഇടതുപക്ഷം തയ്യാറാകില്ല എന്നായിരുന്നു കരുതിയതെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക അല്ലാതെ മറ്റ് മാർഗമില്ല എന്നതാണ് സാഹചര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുഞ്ഞികൃഷ്ണൻ ആരോപണം ഉന്നയിച്ച ടി ഐ മധുസൂദനനാണ് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe