പയ്യന്നൂരിൽ സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു;തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു: വി കുഞ്ഞികൃഷ്ണൻ

news image
Apr 9, 2026, 10:49 am GMT+0000 payyolionline.in

കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ. രാവിലെ മുതൽ കള്ളവോട്ട് ചെയ്യുന്നുവെന്നും ഉച്ചയ്ക്ക് ശേഷം അത് വ്യാപകമായി ചെയ്യുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വെള്ളൂർ, കാറമേൽ, കണ്ടോത്ത് മേഖലകളിൽ കള്ളവോട്ട് ചെയ്യുന്നു. പ്രിസൈഡിങ് ഓഫീസർമാർ ഇടപെടുന്നില്ല. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നു. വോട്ടർപട്ടികയിൽ ഫോട്ടോയുണ്ട്. വ്യാജ ഐഡി കാർഡിൽ വേറെ ഫോട്ടോയാണുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം കള്ളവോട്ടിന് കൂട്ട്‌നിൽക്കുന്നു’, വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

തൃക്കരിപ്പൂരിലും കള്ളവോട്ട് പരാതി ഉയർന്നിട്ടുണ്ട്. പിലിക്കോട്-പുത്തിലോട് 137 ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി. കള്ളവോട്ട് തടഞ്ഞ ബൂത്ത് ഏജന്റിനെ മർദിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. റീപോളിങ് വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് രേഖപ്പെടുത്തിയ കണക്ക്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe