
പയ്യോളി: പയ്യോളി മിനി ഗോവ റൂട്ടിൽ ബസ് സർവീസ് അനുവദിക്കണമെന്ന് പി.ഡി.പി പയ്യോളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മിനി ഗോവ, കടലാമ സംരക്ഷണ കേന്ദ്രം തുടങ്ങിയവകൊണ്ട് പ്രശസ്തവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതുമായ കൊളാവിപ്പാലം ബീച്ച് പ്രദേശം, പയ്യോളിയിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഈ പ്രദേശത്ത് താമസിക്കുന്ന ഏകദേശം നൂറോളം കുടുംബങ്ങൾ ദിവസേന കുറഞ്ഞത് രണ്ട് കിലോമീറ്റർ ദൂരം നടന്ന് മാത്രമാണ് കൊളാവിപ്പാലത്ത് എത്തുന്നത്. അവിടുനിന്നാണ് ബസ്, ജീപ്പ് സർവീസുകൾ ആരംഭിക്കുന്നത്. മണിക്കൂറിൽ ഒരു ജീപ്പ് സർവീസ് എന്ന രീതിയിലാണ് നിലവിൽ പയ്യോളിയിലേക്കുള്ള യാത്രാസൗകര്യം ലഭിക്കുന്നത്.
യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പ്രദേശവാസികൾക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മണിക്കൂറുകൾ വേണ്ടി വരുന്നതായി പി.ഡി.പി നേതാക്കൾ പറഞ്ഞു. വിരലിലെണ്ണാവുന്ന ജീപ്പ്, ബസ് സർവീസുകളാണ് പ്രദേശവാസികളുടെ ഏക ആശ്രയം.
കൊളാവിപ്പാലം ബീച്ച് നിവാസികളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുന്നതിന് പയ്യോളി നഗരസഭ ഭരണകൂടം മുൻകയ്യെടുത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പി.ഡി.പി പയ്യോളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ടി.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു.
സി. ഹംസ, ടി.പി. സിദ്ദീഖ്, വി.പി. സിദ്ദീഖ്, എം.സി. മുഹമ്മദലി, പി.പി. അഷ്റഫ്, കെ.സി. ഷഫീഖ്, പി.എം. ഖാലിദ്, പി.പി. ഗഫൂർ, ഇ. ലത്തീഫ്, പി.എം. വാഹിദ്, റസാഖ് തച്ചൻകുന്ന് എന്നിവർ സംസാരിച്ചു.
