പയ്യോളി സ്വദേശിയായ ഗർഭിണി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

news image
Aug 9, 2026, 1:10 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി സ്വദേശിയായ ഗർഭിണി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. പയ്യോളി സ്വദേശി ഷമീമയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നെന്നും മരണത്തിൽ സംശയമുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഒന്നരമാസം മുമ്പ് ഭർത്താവിന്റെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഷമീമ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

 

പയ്യോളി സ്വദേശിയായ ആറു മാസം ഗർഭിണിയായ ഷമീമയെ ഒന്നരമാസം മുമ്പ് ഭർത്താവിന്റെ അരിക്കുളത്തെ വീട്ടിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. അതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസയിലായിരുന്ന ഷമീമ ഇന്നലെയാണ് മരിച്ചത്. ഷമീമയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നെന്നും മരണത്തിൽ സംശയമുണ്ടെന്നും സഹോദരൻ പറഞ്ഞു. നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഷമീമ ഫോണി‍ൽ വിളിച്ചറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെയും ഷമീമയുടെ ഭർത്താവ് നവാസ് ആക്രമിച്ചെന്നും സഹോദരൻ പറയുന്നു.

മൂന്നു വർഷം മുമ്പാണ് ഷമീമയുടെ വിവാഹം നടന്നത്. ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ. കൊയിലാണ്ടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഷമീമയുടെ കുടുംബത്തിിന്റെ ആരോപണങ്ങൾ നിഷേധിച്ച ഭർത്താവിന്റെ കുടുംബം ഷമീമയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പ്രതികരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe