എറണാകുളം: പയ്യോളിയിലെ വാർഡ് വിഭജനം പുനസ്ഥാപിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്.എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ് വിഭജന നടപടി ഹൈക്കോടതി ശരിവച്ചു.
ഇതു സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. അവസാനം നടന്ന സെൻസസിൻ്റെ അടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്തുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
കണ്ണൂരിലെ മട്ടന്നൂർ, പാനൂർ, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലും കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക്, മുനിസിപ്പാലിറ്റികളിലും പാലക്കാട്ടെ പട്ടാമ്പി മുനിസിപ്പാലിറ്റിയിലും കാസർകോട്ടെ പടന്ന പഞ്ചായത്തിലും നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ വാർഡ് എണ്ണം വർധിപ്പിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതിയും സർക്കാർ വിജ്ഞാപനവും ഡിലിമിറ്റേഷൻ കമ്മിഷൻ്റെ വാർഡ് വിഭജന മാർഗരേഖയും കോടതി അസാധുവാക്കിയിരുന്നു.
വാർഡ് വിഭജന നടപടികൾക്കെതിരെ യുഡിഎഫ് പ്രാദേശിക നേതാക്കളും നാട്ടുകാരും നൽകിയ ഒരു കൂട്ടം ഹർജികളായിരുന്നു സിംഗിൾ ബെഞ്ചിനു മുൻപാകെ ഉണ്ടായിരുന്നത്. പുതിയ സെൻസസ് 2025ൽ നടക്കാനിരിക്കെ ഈ ഘട്ടത്തിൽ പുനർനിർണയം നടത്തുന്നത് സ്വേച്ഛാപരവും അനാവശ്യവും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴിച്ചുള്ളവ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2015ൽ രൂപീകരിച്ചവയാണ്.
മട്ടന്നൂരിൽ 2017ലും പടന്ന പഞ്ചായത്തിൽ 2015ലും ഇതേ സെൻസസിന്റെ അടിസ്ഥാനത്തിലാണു വാർഡ് വിഭജനം പൂർത്തിയായത്. ഇതേ വിവരങ്ങൾ ആധാരമാക്കി വീണ്ടും പുനർനിർണയം നടത്തുന്നത് മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിലെ വകുപ്പ് 6(2) വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇക്കാര്യത്തിൽ തങ്ങൾക്ക് അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെയും ഡീലിമിറ്റേഷൻ കമ്മിഷൻ്റെയും വാദം. ഇതാണ് ഡിവിഷൻ ബെഞ്ച് ഇന്ന് അംഗീകരിച്ചത്.
മുസ്ലിം ലീഗ് പയ്യോളി മുൻസിപ്പൽ കമ്മിറ്റി നൽകിയ ഹർജിയിൽ ആയിരുന്നു ഹൈക്കോടതി ഇടപെടൽ . സിംഗിൾ ബഞ്ച് ഉത്തരവാണ് ഇപ്പോൾ ഡിവിഷൻ ബഞ്ച് ഇടപെട്ട് റദ്ദാക്കിയത്