പയ്യോളി: ദേശീയപാതയിൽ പയ്യോളി പെട്രോൾ പമ്പിന് സമീപം ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 6.15-ഓടെയാണ് അപകടമുണ്ടായത്. ബസ് ദേഹത്തുകൂടി കയറിയിറങ്ങി യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

വടകര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിന് പുറകിൽ ഇതേ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് ബസ്സിനടിയിൽപ്പെട്ട യുവതിയുടെ തലയിലൂടെ വണ്ടിയുടെ മുൻചക്രം കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.പയ്യോളി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.
