‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യസിന് പിന്തുണയുമായി ‘അമ്മ’

news image
Apr 16, 2025, 5:08 pm GMT+0000 payyolionline.in

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി താരസംഘടന അമ്മ. വിൻസിയുടെ തുറന്നു പറച്ചിൽ അഭിനന്ദനാർഹമാണെന്നും പരാതി ലഭിച്ചാൽ ആരോപണവിധേയനെതിരെ നടപടി എടുക്കുമെന്നും താരസംഘടന അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് അഡ്ഹോക്ക് കമ്മറ്റി യോഗം ചേർന്നു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്.”ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയിലെ മുഖ്യ കഥാപാത്രം ലഹരി ഉപയോഗിക്കുന്നയാളായിരുന്നു. അയാള്‍ നല്ല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നു എന്നെയും കൂടെയുള്ളവരെയും. ഡ്രസ് ശരിയാക്കാന്‍ പോകുമ്പോള്‍ കൂടെ വരണോ എന്ന രീതിയില്‍ ചോദിക്കുമായിരുന്നു. ഒരു സീന്‍ ചെയ്തപ്പോള്‍ വെള്ള പൌഡര്‍ മേശയിലേക്ക് തുപ്പി. സിനിമ സെറ്റില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണല്‍ ലൈഫില്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാല്‍ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. ആ സെറ്റില്‍ അങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം, സംവിധായകന്‍ ആ നടനോട് സംസാരിച്ചിരുന്നു.അയാള്‍ പ്രധാന നടന്‍ ആയതുകൊണ്ട് സിനിമ എങ്ങനെയെങ്കിലം തീര്‍ക്കാന്‍ എല്ലാവരും ബുദ്ധിമുട്ടുന്ന കാഴ്ച വേദനയുണ്ടാക്കുന്നതായിരുന്നു. എന്നോട് ക്ഷമ പോലും പലപ്പോഴും പറഞ്ഞു. അത് നല്ല സിനിമയായിരുന്നു. പക്ഷെ ആ വ്യക്തിയില്‍ നിന്നുള്ള അനുഭവം എനിക്ക് ഒട്ടും നല്ലതായി തോന്നിയില്ല. അതാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചത്”, വിന്‍സി പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe