പരിചയപ്പെട്ടവരുടെ മനസ്സിൽ ഇടം നേടിയ മാതൃകാ നേതാവായിരുന്നു കെ.പി. ധനപാലൻ: മുല്ലപ്പള്ളി രാമചന്ദ്രൻ

news image
May 30, 2026, 8:17 am GMT+0000 payyolionline.in

വടകര: മാന്യവും അന്തസ്സുറ്റതുമായ പൊതുജീവിതത്തിലൂടെ പരിചയപ്പെട്ട ഏവരുടെയും മനസ്സുകളിൽ ഇടം നേടിയ സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് കെ.പി. ധനപാലനെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരിച്ചു. വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കഠിനാധ്വാനം കൈമുതലാക്കി പടിപടിയായാണ് ധനപാലൻ പൊതുരംഗത്ത് ഉയർന്നു വന്നത്.

പരിചയപ്പെട്ട നാൾ മുതൽ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്. ഞാൻ കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്ന സമയത്ത്, എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്ന ധനപാലന്റെ മികച്ച രാഷ്ട്രീയ പ്രവർത്തനം നേരിട്ട് വിലയിരുത്താൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.

2009-ൽ ഞാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ കാലഘട്ടത്തിലാണ് പതിനഞ്ചാം ലോക്‌സഭാംഗമായി ധനപാലൻ പാർലമെന്റിലെത്തുന്നത്. നോർത്ത് പറവൂർ മുൻസിപ്പൽ ചെയർമാനായും പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിൽ അംഗമായും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികൾ അലങ്കരിച്ച അദ്ദേഹം നിലവിൽ കെ.പി.സി.സി. പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയായിരുന്നു. പ്രിയ സഹപ്രവർത്തകനായിരുന്ന കെ.പി. ധനപാലന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മാതൃകാ പൊതുപ്രവർത്തകനെയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe