കൊച്ചി: സാധാരണക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച് ഓരോദിവസവും കുതിച്ചുയരുകയാണ് സ്വർണ വില. ഇന്ന് രാവിലെ 340 രൂപ വർധിച്ച് പവന്റെ വില 82,560ലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്.
ഇന്ന് ഉച്ചക്കു ശേഷവും സ്വർണവില വർധിച്ചു. ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വർധിച്ചു. പവന് 360 രൂപ വർധിച്ച് 82,920 രൂപയുമായി. ഒരു പവൻ കൈയിൽ കിട്ടാൻ 90000 രൂപയിലേറെ ചെലവാകും ഇപ്പോൾ.
സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80000 രൂപ കടന്നത്. ഈ വർഷാവസാനത്തോടെ സ്വർണ വില പവന് ഒരു ലക്ഷം രൂപ കടക്കുമെന്നും പ്രവചനമുണ്ട്.
രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന്റെ വില ഉയരാനുള്ള പ്രധാന കാരണം. ഈയാഴ്ച യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാവും. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഉൾപ്പടെയുള്ളവരുടെ പ്രസംഗങ്ങൾ ഈ ആഴ്ച വരുന്നുണ്ട്. ഇതെല്ലാം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.