പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽനിന്നുള്ള ഗൾഫ് വിമാന സർവീസുകൾ താറുമാറായി; നൂറിലധികം വിമാനങ്ങൾ റദ്ദാക്കി

news image
Mar 1, 2026, 6:50 am GMT+0000 payyolionline.in

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് സർവീസുകൾ വൻതോതിൽ റദ്ദാക്കി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലായി നൂറിലധികം സർവീസുകളാണ് സ്തംഭിച്ചത്. ഇതോടെ ആയിരക്കണക്കിന് പ്രവാസികൾ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. കൊച്ചിയിൽ നിന്ന് ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള 16 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ തിരിച്ചുള്ള എട്ട് സർവീസുകളും മുടങ്ങി. എന്നാൽ മസ്‌കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസുകൾ നിലവിൽ തടസ്സപ്പെട്ടിട്ടില്ല.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 17 സർവീസുകളും അങ്ങോട്ടേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കിയതോടെ ആകെ 34 സർവീസുകൾ സ്തംഭിച്ചു. അബുദാബി, ദുബായ്, ദോഹ, ദമാം, ബഹ്‌റൈൻ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. യാത്രക്കാരെ സഹായിക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പ്രത്യേക ഹെൽപ്പ് ലൈൻ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ്, എമിറേറ്റ്സ്, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെല്ലാം സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 22 സർവീസുകളും തിരിച്ചെത്തേണ്ട 21 വിമാനങ്ങളും റദ്ദാക്കി. എങ്കിലും റിയാദിലേക്കുള്ള ഫ്‌ളൈനാസ്, സൗദിയ വിമാനങ്ങൾ ഇന്ന് രാവിലെ സർവീസ് നടത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ വ്യോമാതിർത്തികൾ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് ഈ അടിയന്തര തീരുമാനത്തിന് പിന്നിൽ. വരും ദിവസങ്ങളിലും സർവീസുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് പുറപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe