ദില്ലി: പാകിസ്ഥാൻ്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായി റിപ്പോർട്ടുകൾ. 9 കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച നടപടി ആവർത്തിച്ചേക്കും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നല്കി. ഇന്ത്യ പാകിസ്ഥാൻ അതിർത്തി മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്. നിരവധി ഗ്രാമീണരെ സൈന്യം സുരക്ഷിത മേഖലകളിലേക്ക് മാറ്റി. പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കും എന്നാണ് ഇന്ത്യയുടെ നിലപാട്. വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ ഇക്കാര്യം പാകിസ്ഥാനെ അറിയിച്ചു. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നല്കി. വിദേശ രാജ്യങ്ങളോട് ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.
ഭീകരവാദത്തെ പാലൂട്ടി വളർത്തുന്ന പാകിസ്ഥാന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ഒൻപത് തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ സേന നടത്തിയ മിന്നൽ ആക്രമണം. കഷ്ടിച്ച് അര മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ 26 പേർ മരിച്ചെന്നും 46 പേർക്ക് പരിക്കേറ്റുവെന്നും പാകിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ 90 പേരെങ്കിലും മരിച്ചെന്നും അതിൽ പലരും കൊടും ഭീകരർ ആയതിനാൽ വിവരം പാകിസ്ഥാൻ മറച്ചുവയ്ക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാനിൽ റെഡ് അലർട്ട്
അതേസമയം, ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിന് മറുപടി നല്കാൻ പാക് സൈന്യത്തിന് പാക് സർക്കാർ നിർദ്ദേശം നല്കി എന്നാണ് വിവരം. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു.