കൊച്ചി: പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരം നാളെ (2026 മെയ് 6) സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നു. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സമരത്തിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കാന്റീനുകൾ എന്നിവ പ്രവർത്തിക്കില്ല. കൂടാതെ, ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങളും നിർത്തിവെക്കും.
പാചകവാതക വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പെട്രോളിയം കമ്പനികളുടെ ഓഫീസുകൾക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധ മാർച്ചുകളും ധർണ്ണകളും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എറണാകുളം പനമ്പിള്ളി നഗറിലെ ഐ.ഒ.സി ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും. മറ്റിടങ്ങളിലും ജില്ലാതലത്തിൽ പ്രതിഷേധങ്ങൾ നടക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങി വിവിധ വ്യാപാര സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
