കൊച്ചി: പാചകവാതക സിലിണ്ടർ പ്രതിസന്ധി രൂക്ഷമായതോടെ ‘വർക്ക് ഫ്രം ഹോം’ സംവിധാനം ഏർപ്പെടുത്തി ടെക്നോ പാർക്ക്. വിവിധ കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടർ പ്രതിസന്ധി ഹോട്ടൽ മേഖലയെയും താമസസ്ഥലങ്ങളെയും ബാധിച്ചു എന്നാണ് ടെക്നോ പാർക്ക് പുറത്തിറക്കിയ അറിയിപ്പിൽ സൂചിപ്പിക്കുന്നത്. മാർച്ച് 15 മുതൽ 21 വരെ ഒരാഴ്ച വർക്ക് ഫ്രം ഹോം ആയിരിക്കും എന്നാണ് അറിയിപ്പ്.
എൽപിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകൾ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ കൃത്യമായി എത്തിക്കുമെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജിയുടെ കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.
രാജ്യത്ത് ഗ്രാമമേഖലകളിൽ എൽപിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എൽപിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയത്. നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.
അതേസമയം യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായാണ് റിപ്പോർട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിർമ്മാണ ചെലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.
