പാതയോര നിർമ്മാണ വിലക്ക്; ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

news image
Aug 27, 2026, 2:59 am GMT+0000 payyolionline.in

കോഴിക്കോട് :ദേശീയപാതകളുടെ മധ്യത്തിൽ നിന്ന് ഇരു വശത്തേക്കും 40 മീറ്ററിനുള്ളിൽ പാർപ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളിൽ വാണിജ്യ ആവശ്യത്തിനും ഭൂമിയുടെ ഉപയോഗം വിലക്കിക്കൊണ്ടും നിലവിലുള്ള അനുമതികൾ പുനരവലോകനം ചെയ്യണമെന്ന് നിദ്ദേശിച്ചുമുള്ള സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. അശാസ്ത്രീയവും അപ്രായോഗീകവും ജനവിരുദ്ധവുമായ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്ത് വൻ സാമൂഹിക ദുരന്തത്തിനും വികസന മുരടിപ്പിനും ഇടയാക്കും.ദേശീയ പാതകളുടെ വശങ്ങളിൽ താമസിക്കുന്നവരെയും വ്യാപാരം, വ്യവസായം ആരാധനാലയങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ സർവ്വ മേഖലകളുടെ പ്രവർത്തനത്തെയും അവതാളത്തിലാക്കുന്ന ഉത്തരവാണ് കോടതിയുടേത്. കേരളത്തിലെ വാസയോഗ്യമായ ഭൂമിയുടെ കുറവ്, ദേശീയ ശരാശരിയുടെ ഇരട്ടി ജനസംഖ്യ, പാതയോരങ്ങളിലെ ഭീമമായ കെട്ടിട സാന്ദ്രത എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ദേശീയപാതയുടെ വീതി 60 ൽ നിന്ന് 45 ആയി കുറച്ചത്. ഇത് 150 മീറ്ററാക്കി വർദ്ധിപ്പിക്കുന്നതിന് തുല്യമായ കോടതി വിധി ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. യോഗം ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ടി കെ സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ആൻ കുഞ്ഞാലൻ ഹാജി,സി.കെ.ശിവദാസൻ എ.ടി.മഹേഷ്, കെ.വി.സത്യൻമാസ്റ്റർ, കെ.കെ.ഹംസക്കുട്ടി, പ്രദീപ് ചോമ്പാല, അനൂപ് ജോൺ, കെ.പി എ.വഹാബ്, സി ഷറഫുദ്ദീൻ, ഷാഫി എട്ടുവീട്ടിൽ, കെ കെ സുരേന്ദ്രൻ, സി.വി.ബോസ്, കെ എസ് സക്കരിയ, കുഞ്ഞുമോൻ ഐങ്കലം, ടി പി അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe