കോഴിക്കോട്: ഗൾഫിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ പാദരക്ഷാ വിപണി പ്രതിസന്ധിയിൽ. നവംബർ ഒന്നു മുതൽ പാദരക്ഷകൾക്ക് ചുരുങ്ങിയത് 10 ശതമാനം വില വർധിപ്പിക്കുമെന്ന് വിവിധ വ്യവസായ സംഘടനകൾ വ്യക്തമാക്കി. പോളിയൂറിത്തീൻ, സിന്തറ്റിക് റെക്സിൻ, പി.വി.സി., ഇ.വി.എ., നൂൽ, വിവിധയിനം കെമിക്കലുകൾ എന്നിവയ്ക്ക് വലിയ തോതിലാണ് വില വർധിച്ചിട്ടുള്ളതെന്നും, ഈ സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്‌വെയർ ഇൻഡസ്ട്രീസ് ഭാരവാഹി റസാക്ക് വി.കെ.സി. പറഞ്ഞു.
കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന നികുതിയിളവ് എടുത്തുമാറ്റിയതും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കേരളത്തിൽ നൂറിലധികം ചെറുകിട കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളുമാണ് ഈ വ്യവസായത്തെ ആശ്രയിച്ചു കഴിയുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലവർധന ഇതുവരെ കമ്പനികൾ സ്വന്തം നിലയ്ക്കാണ് ഏറ്റെടുത്തിരുന്നതെന്നും, എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്നും ഫുട്‌വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് രജിത് മുല്ലശ്ശേരി വ്യക്തമാക്കി.
