പാലക്കാട് കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ റിമാൻഡിൽ

news image
Feb 20, 2024, 9:56 am GMT+0000 payyolionline.in

ഒറ്റപ്പാലം (പാലക്കാട്)∙ പതിനൊന്നു മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ശിൽപയെ (29) റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിൽപയെ റിമാൻഡ് ചെയ്തത്. കോടതി നടപടികൾ പൂർത്തിയാക്കിയശേഷം ശിൽ‌പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് ആലപ്പുഴ മാവേലിക്കരയിലായതിനാൽ മാവേലിക്കര പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിലെ വാടക വീട്ടിൽ വച്ചാണ് കുറ്റകൃത്യം നടന്നത്.

ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയുടെയും പാലക്കാട് ഷൊർണൂർ സ്വദേശി അജ്മലിന്‍റെയും മകളാണ് കൊല്ലപ്പെട്ട ശിഖന്യ. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന അജ്മലും ശിൽപയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു. ജോലിക്കു പോകുന്നതിനു കുഞ്ഞ് തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നാണു ശിൽപ മൊഴി നൽകിയത്.

കൊലപാതകത്തിനുശേഷം, വാടകയ്‌ക്കെടുത്ത കാറിൽ മൃതദേഹവുമായി, അജ്മലിനെ കാണാൻ ഷൊർണൂരിലെത്തുകയായിരുന്നു. യുവാവു ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററിൽ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശിൽപ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. എന്നാൽ, കുഞ്ഞ് മണിക്കൂറുകൾക്കു മുൻപേ മരിച്ചുവെന്നാണു ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ശിൽപയെ കസ്റ്റഡിയിലെടുത്തു. എന്നാൽ, പോസ്റ്റ്‌മോർട്ടത്തിൽ ക്ഷതങ്ങൾ കാണാതിരുന്നതും യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു സമ്മതിച്ച യുവതി പിന്നീടു മാറ്റിപ്പറഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെയാണു മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.

കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരികാവയവ പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയതാണു വഴിത്തിരിവായത്. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയിൽ ശിൽപ അന്നു പുലർച്ചെ അജ്‌മലിന് അയച്ച സന്ദേശവും നിർണായക തെളിവായി. ഇന്നലെ ഷൊർണൂർ പൊലീസ് മാവേലിക്കര കോട്ടയ്ക്കകത്തുള്ള വാടകവീട്ടിൽ ശിൽപയെ എത്തിച്ചു തെളിവെടുപ്പു നടത്തി. കൊട്ടാരക്കര സ്വദേശി വാടകയ്‌ക്കെടുത്ത വീട്ടിൽ രണ്ടാഴ്ചയായി ശിൽപ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വീട് വാടകയ്‌ക്കെടുത്തയാളുടെ ഫോൺ ഓഫാണെന്നും വീട്ടിലെത്തുമ്പോൾ കതകു തുറന്നുകിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസൻ, ഇൻസ്പെക്ടർ ജെ.ആർ.രഞ്ജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe