പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു. പനി ബാധിച്ച മൂന്ന് കുട്ടികളും ചികിത്സയില്‍ തുടരുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആണ്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പനി ബാധിച്ച കുട്ടികളുടെ പരിശോധന ഫലം ഇന്ന് വരും. 173 പേരെയാണ് നിലവില്‍ പാലക്കാട് ജില്ലയില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2185 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി വിവരശേഖരണം ചെയ്തിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേര്‍ക്ക് ടെലഫോണിലൂടെ കൗണ്‍സലിംഗ് സേവനം നല്‍കിയിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് സെല്ലിലേക്ക് 21 കോളുകള്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 94 പേര് നിരീക്ഷണത്തിലാണ്. ഇവരെല്ലാം മരിച്ച മലപ്പുറം മങ്കട സ്വദേശിനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരാണ്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പ്രത്യേക വാര്‍ഡിലാണ് നിലവില്‍ പാലക്കാട് നാട്ടുകല്‍ സ്വദേശിനി 38 കാരി ചികിത്സയില്‍ കഴിയുന്നത്.