പാലക്കാട്: മേഖലയിലെ റെയിൽ ഗതാഗതത്തിനു വലിയ സാധ്യതകൾ തുറക്കുന്ന ബൈപാസ് ട്രാക്കിന്റെ പദ്ധതി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അംഗീകരിച്ചു. അന്തിമ അനുമതിക്കായി പദ്ധതി റിപ്പോർട്ട് കൊച്ചിയിലെ റെയിൽവേ നിർമാണ വിഭാഗം റെയിൽവേ ബോർഡിനു കൈമാറി. കാവിൽപ്പാട് പഴയ റെയിൽവേ ഗേറ്റ് മുതൽ ഷൊർണൂർ പാതയിലെ പറളി വരെ 1.85 കിലോമീറ്റർ നീളത്തിൽ 200 കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.
പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ പിറ്റ്ലൈൻ പൂർത്തിയാകുന്നതോടെ ഇവിടെ നിന്നു കൊങ്കൺ പാതയിലും പൊള്ളാച്ചി പാതയിലും പുതിയ ട്രെയിനുകൾ ആരംഭിക്കാൻ ബൈപാസ് സഹായകമാകും. അമൃത എക്സ്പ്രസ് ഉൾപ്പെടെ പൊള്ളാച്ചി ലൈനിലൂടെ പാലക്കാട് ടൗൺ സ്റ്റേഷൻ വഴി പോകുന്ന ട്രെയിനുകൾ നിലവിൽ പാലക്കാട് ജംക്ഷൻ സ്റ്റേഷനിലെത്തി എൻജിന്റെ ദിശ മാറ്റിയാണു യാത്ര തുടരുന്നത്. ഇതിനായി 40 മിനിറ്റ് അധികം എടുക്കുന്നുണ്ട്.
ബൈപാസ് ട്രാക്കിനായി 3 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. രണ്ടിടത്തു സിഗ്നൽ സംവിധാനമുണ്ടാകും. ജനവാസം കൂടുതലുള്ളിടത്ത് അടിപ്പാത നിർമിക്കും. ഭാവിയിൽ ഡബിൾലൈനിന് ഭൂമി കണ്ടെത്താനും നിർദേശമുണ്ട്. പദ്ധതിച്ചെലവ് 500 കോടി രൂപയ്ക്കു താഴെയായതിനാൽ റെയിൽവേ ബോർഡിന് തീരുമാനമെടുക്കാം. അതിൽ കൂടുതൽ ചെലവുള്ള പദ്ധതികൾക്ക് നിതി ആയോഗിന്റെ അംഗീകാരത്തിനു ശേഷം റെയിൽവേ – ധനമന്ത്രാലയങ്ങൾ അന്തിമാനുമതി നൽകണം.