പാലക്കാട്: പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സർവ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിൽ എലി ശല്യം. RRC843 ബസിലാണ് എലി ശല്യമുണ്ടായത്. യാത്രക്കാർക്കിടയിലൂടെ ഓടിയ എലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് തൃശ്ശൂർ ഡിപ്പോയിൽ ബസ് കാണിച്ചെങ്കിലും ബോഡിയുടെ ഉൾഭാഗം പൊളിച്ചു നോക്കേണ്ടതിനാൽ പാലക്കാട് എത്തിക്കാൻ നിർദേശം നല്‍കുകയായിരുന്നു. തുടർന്ന് പാലക്കാടെത്തി വാഹനം പരിശോധനക്കായി നൽകി. യാത്രക്കാരെ മറ്റൊരു ബസിലാക്കിയാണ് സർവ്വീസ് തുടർന്നത്.
പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡ് എലികളുടെ ഹബായി മാറിയിരിക്കുകയാണെന്ന് ഏതാനും ദിവസം മുന്‍പാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി ജീവനക്കാർക്കാണ് എലിയുടെ കടിയേൽക്കുന്നത്. ഗാരേജിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. കെ എസ് ആർ ടി സി ഗ്യാരേജ് പരിസരത്ത് ഒന്നും രണ്ടുമല്ല നൂറുകണക്കിന് എലികളാണ് ഓവർടൈം ജോലി എടുക്കുന്നത്.
ബാഗിൽ കയ്യിടുമ്പോൾ എലിയുടെ കടിയേറ്റവർ വരെ ഇവിടെയുണ്ട്. എലിയെ പേടിച്ച് ഉച്ചഭക്ഷണ പൊതി ഒളിപ്പിച്ച് വെക്കാൻ പാടുപെടുകയാണ് ജീവനക്കാർ. പുതിയ ബസുകളുടെ വയറിംഗുകളും എയർ ഹോസുകളും എലികൾ കടിച്ചു മുറിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ നവംബറിലാണ് കെ എസ് ആർ ടി സി സ്റ്റാൻഡിന് റ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. മാസങ്ങൾ കഴിഞ്ഞിട്ടും ഇവിടത്തെ നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നില്ല.
എലിപ്പനി ഉൾപ്പെടെയുള്ള പകർച്ച രോഗങ്ങൾ പടരുമ്പോൾ അടിയന്തിര നടപടി വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണാവശിഷ്ടം മാറ്റാൻ തുടങ്ങിയെന്നും നിർമ്മാണാവശിഷ്ടം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നുമാണ് അധികൃതർ അറിയിക്കുന്നത്. ഇതിനിടയിലാണ് പാലക്കാട് നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില്‍ എലി ഓടി നടന്നത്.