കോട്ടയം: കോട്ടയം ജില്ലയിലെ പാലായിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ ഇന്റർപോൾ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യാഖാനെയാണ് യുഎഇയിൽ നിന്ന് പിടികൂടിയത്. 2008 ലാണ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയ സമയത്താണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. കേസിൽ അറസ്റ്റിലായ യഹ്യ ഖാൻ ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു.
2008 ലാണ് മാനസികവൈകല്യമുള്ള പെൺകുട്ടിയെ ഇയാള് ബലാത്സംഗം ചെയ്തത്. വീടുകൾ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന യഹ്യാ ഖാൻ 2008 ജൂൺ മാസം പാലായിലെ ഒരു വീട്ടില് കച്ചവടത്തിനായി എത്തുകയും വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് പാലാ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ യഹ്യാ ഖാൻ ഒളിവിൽ പോയി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി. ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.