ടി.പി. കേസ് പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത?, പരോൾ അനുവദിക്കാനുള്ള സ്വാധീനം നിങ്ങൾക്കുണ്ട്; പരോളുകളെല്ലാം അന്വേഷിക്കണമെന്ന് ഹൈക്കോടതി

news image
Dec 30, 2025, 4:28 pm GMT+0000 payyolionline.in

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ലഭിച്ച എല്ലാ പരോളിനെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന്​ ഹൈക്കോടതി. ഈ കേസിലെ പ്രതികൾക്ക്​ ​മാത്രം എന്താണ് പ്രത്യേകതയെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ചോദിച്ചു.

ഭർത്താവിന് പത്തു ദിവസത്തെ അടിയന്തര പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച 12ാം പ്രതി ജ്യോതിബാബുവിന്റെ ഭാര്യ പി.ജി. സ്മിത നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു വിമർശനം. ജ്യോതിബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കർമങ്ങൾക്കായി അടിയന്തര പരോൾ ആവശ്യപ്പെട്ടായിരുന്നു ഹരജി.

ടി.പി. വധക്കേസിലെ പ്രതിയാണെന്ന് ഹരജിയിൽ പ്രത്യേകം പരാമർശിക്കാത്തതിനെ വിമർശിച്ച കോടതി, മരിച്ചയാൾ അടുത്ത ബന്ധുവെന്ന ഗണത്തിൽ വരാത്തതിനാൽ പരോൾ അനുവദിക്കാനാകില്ലെന്നും വ്യക്​തമാക്കി. നിവേദനം പരിഗണിക്കാൻ പോലും ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാവില്ല. അത്തരമൊരു നിർദേശം കൊടുത്താലുടൻ പരോൾ അനുവദിക്കാൻ മതിയായ സ്വാധീനം നിങ്ങൾക്കുണ്ടെന്നും ഹരജിക്കാരിയോട്​ കോടതി പറഞ്ഞു.

ഈ കേസിലെ പ്രതികൾക്ക്​ അനുവദിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്ന്​ പറഞ്ഞ കോടതി, ഹരജി തള്ളുകയായിരുന്നു. ടി.പി വധക്കേസിൽ ജ്യോതിബാബുവിനെ വിചാരണ കോടതി വെറുതെ വിട്ടെങ്കിലും അപ്പീലിൽ ഹൈക്കോടതിയാണ്​ ജീവപര്യന്തം തടവിന്​ ശിക്ഷിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe