പി.പി. ദിവ്യക്കെതിരെ മന്ത്രി കെ. രാജൻ: ‘ജനപ്രതിനിധികൾ പക്വത കാണിക്കണം, നവീനെതിരെ പരാതി കിട്ടിയിട്ടില്ല, സത്യസന്ധനായ ഉദ്യോഗസ്ഥൻ’

news image
Oct 15, 2024, 7:53 am GMT+0000 payyolionline.in

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. ജനപ്രതിനിധികൾ പൊതുസമൂഹത്തിൽ ഇടപെടലിലും സംസാരങ്ങളിലും പ്രവർത്തനങ്ങളിലുമൊക്കെ പക്വതയും ധാരണയും ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ കലക്ടറോട് സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

‘നവീൻ ബാബുവിനെക്കുറിച്ച് ഇതുവരെ മോശം പരാതി വന്നിട്ടില്ല. വ്യക്തിപരമായ അറിവനുസസരിച്ച് സത്യസന്ധനായ കഴിവുള്ള ഉദ്യോഗസ്ഥനാണ്. കണ്ണൂർ എ.ഡി.എം ആയി തുടരാമായിരുന്നിട്ടും വിരമിക്കാനായതിനാൽ അ​ദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് പത്തനംതിട്ട എ.ഡി.എം ആയി മാറ്റിനിശ്ചയിച്ചത്. വിഷയത്തിൽ കണ്ണൂർ ജില്ലാ കലക്ടറോട് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണമായും റവന്യൂ കുടുംബമാണ് നവീന്റെത്. ഭാര്യ കോന്നി തഹസിൽദാറാണ്. ദൗർഭാഗ്യകരമായ സംഭവമാണ് ഇപ്പോൾ ഉണ്ടായത്. ഗൗരവമായ അ​ന്വേഷണം ഉണ്ടാകും’ -മന്ത്രി വ്യക്തമാക്കി.

ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നവീൻ ബാബുവിന് നൽകിയ യാത്രയയപ്പിൽ അദ്ദേഹത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി നവീൻ ആത്മഹത്യ ചെയ്തത്.

ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ ആരോപണം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സൂചിപ്പിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടു. ജില്ല കലക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരാമർശം. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ പള്ളിക്കുന്നിലെ വാടക കോർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe