പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം- വി.ഡി സതീശൻ

news image
Nov 8, 2024, 10:31 am GMT+0000 payyolionline.in

ചേലക്കര: പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം നേതാവ് പി.പി ദിവ്യക്ക് ജാമ്യം കിട്ടുന്നതിനു വേണ്ടിയാണ് കലളക്ടറെക്കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ചത്.

ആദ്യം റവന്യൂ വകുപ്പിന് നല്‍കിയ മൊഴി മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം കലക്ടര്‍ മാറ്റിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. കലക്ടറെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റിച്ചത്. നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി പാര്‍ട്ടി കുടുംബത്തിന് ഒപ്പമാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ഗോവിന്ദന്‍ അതു പറയുമ്പോള്‍ പാര്‍ട്ടിഗ്രമത്തില്‍ സി.പി.എം ദിവ്യയെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.

എന്തൊരു വിരോധാഭാസവും ഇരട്ടത്താപ്പുമാണ്? നവീന്‍ ബാബുവിന്റെ കുടുംബത്തെ പരിഹസിക്കുകയും കബളിപ്പിക്കുകയും അപമാനിക്കുകയുമാണ് സി.പി.എം ചെയ്തത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തിത്തീര്‍ക്കാനാണ് എ.കെ.ജി സെന്ററില്‍ വ്യാജരേഖയുണ്ടാക്കിയത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നും വരുത്തിത്തീര്‍ത്ത് ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് മാത്രമാണ് ദിവ്യയ്‌ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയാറായത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ വികാരമുണ്ട്. കളക്ടര്‍ക്കെതിരെ റവന്യൂ വകുപ്പ് എന്ത് നടപടിയാണ് എടുത്തത്? ക്ഷണിക്കപ്പെടാതെ വന്ന് പി.പി ദിവ്യ എ.ഡി.എമ്മിനെ അധിക്ഷേപിച്ച് സംസാരിക്കുമ്പോള്‍ കളക്ടര്‍ ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നില്ലേ?

ബി.ജെ.പിയുടെ വര്‍ഗീയതക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും എതിരായ അതിശക്തമായ കാമ്പയിനാണ് കുടുംബയോഗങ്ങളിലൂടെയും പ്രചരണങ്ങളിലൂടെയും യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ ദുര്‍ഭരണമാണ് പിണറായി സര്‍ക്കാരിന്റേത്. കുടുംബയോഗങ്ങളില്‍ ഞങ്ങള്‍ പറയാന്‍ വിട്ടുപോയ കാര്യങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓര്‍മ്മിപ്പിക്കുകയാണ്. സ്ത്രീകള്‍ക്ക് ഇടയിലും സര്‍ക്കാരിനെതിരെ അതിശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്. ബി.ജെ.പി- സി.പി.എം ബാന്ധവവും എല്ലാവര്‍ക്കും മനസിലായി.

കൊടകര കുഴല്‍പ്പണ കേസില്‍ നിന്നും മഞ്ചേശ്വരം കോഴ കേസില്‍ നിന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രക്ഷപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും കേന്ദ്ര ഏജന്‍സികള്‍ പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ എടുത്ത കേസുകളിലെ അന്വേഷണങ്ങള്‍ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഇവരുടെ കൂടിക്കാഴ്ചകളും ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

വാളയാര്‍ കേസിലും സി.പി.എമ്മുകാരായ പ്രതികളെ വെറുതെ വിട്ടു. പ്രതികള്‍ക്കു വേണ്ടി പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന് എതിരെയുള്ള അതിശക്തമായ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് അപ്രധാനമായ കാര്യങ്ങള്‍ സി.പി.എം കൊണ്ടു വരുന്നത്. സി.പി.എം കൊണ്ടു വന്ന വിഷയങ്ങളൊക്കെ അവര്‍ക്കു തന്നെ തിരിച്ചടിയായി.

പെട്ടി വിവാദവും തിരിച്ചടിയായി മാറിയെന്നാണ് സി.പി.എം വിലയിരുത്തല്‍. മന്ത്രി എം.ബി രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായി. മുന്‍ എം.പിയും മുതിര്‍ന്ന സി.പി.എം നേതാവുമായ കൃഷ്ണദാസ് തന്നെയാണ് പെട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയുമെന്നും പറഞ്ഞത്.

പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് തന്നെ പെട്ടി ദൂരത്തേക്ക് വലിച്ചെറിയേണ്ടി വരുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. സ്വയം പരിഹാസ്യരായി നില്‍ക്കുകയാണ് സി.പി.എം നേതാക്കള്‍. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിഷയങ്ങള്‍ മാറ്റാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ഖജനാവ് കാലിയാക്കി, എല്ലാ രംഗത്തും ജനങ്ങള്‍ക്ക് ആഘാതം ഏല്‍പ്പിച്ച് കേരളത്തെ തകര്‍ത്തു കളഞ്ഞ ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാകും ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന്.

സി.പി.എം ജില്ലാ സെക്രട്ടറിയും മന്ത്രി എം.ബി രാജേഷും കള്ളപ്പണം ഒളിപ്പിച്ചു വച്ചിരിക്കുന്നിവെന്നാണ് പറഞ്ഞത്. എന്നാല്‍ ഷാഫി പറമ്പില്‍ നാടകം ഉണ്ടാക്കിയെന്നാണ് എല്‍.ഡി.എഫ് സ്ഥാനാർഥി പറഞ്ഞത്. മന്ത്രി എം.ബി രാജേഷാണ് വനിതാ നേതാക്കളുടെ മുറികള്‍ റെയ്ഡ് ചെയ്യാന്‍ എസ്.പിയെ വിളിച്ചു പറഞ്ഞത്. മന്ത്രിയും അളിയനും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയാണിത്. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവിനോട് ചോദിക്കുന്നതിന് മുന്‍പ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ എന്താണ് നടന്നതെന്നാണ്  ആദ്യം അന്വേഷിക്കേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe