കോഴിക്കോട്: പിഎസ്സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി. പൊലീസിന് ലഭിച്ച മൊഴിയുടെ കാര്യം മനസിലാക്കിയിട്ടാണ് സിപിഎം നേതൃത്വം പരാതി ഇല്ലെന്ന് അവകാശപ്പെട്ടത്. പിഎസ്സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ല നടന്നതെന്നും ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാർട്ടിക്കകത്തെ വിശദീകരണം. അന്തിമ നടപടി തീരുമാനിക്കാൻ ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം സംഘടിപ്പിച്ച് നൽകാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ യുവ നേതാവ് 22 ലക്ഷം കോഴ കൈപ്പറ്റിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. കോഴിക്കോട്ടെ ഏരിയ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പാര്‍ട്ടി ബന്ധു കൂടിയായ ഡോക്ടറുടെ പരാതി. ആയുഷ് വകുപ്പിൽ ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് അതും നടക്കാതായതോടെയാണ് ഡീൽ ഉറപ്പിക്കുന്ന ശബ്ദ രേഖയടക്കം ഇവര്‍ പാര്‍ട്ടിക്ക് പരാതി നൽകിയത്. സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണത്തിൽ പണം കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.