കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.
എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നൽകിയിരുന്നത്. വാഴൂർ സോമന്റെ സത്യവാങ്മൂലമായിരുന്നു തെരഞ്ഞെടുപ്പ് കേസിന് ആധാരം. വിവരങ്ങൾ പൂർണമല്ല, പല വിവരങ്ങളും മറച്ചു വെച്ചു, ചില ഭാഗങ്ങൾ മനപൂർവം ഒഴിവാക്കി എന്നിവയായിരുന്നു ആക്ഷേപം. ഭാര്യയുടെ പാൻ കാർഡ് വിവരങ്ങൾ ഇല്ല, ഇൻകം ടാക്സ് റിട്ടേണിലെ വിവരങ്ങൾ പൂർണമല്ല, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിൽ വ്യക്തതയില്ല, ബാധ്യതയും വരുമാനവും കൃത്യമായി പറഞ്ഞിട്ടില്ല തുടങ്ങിയവയായിരുന്നു ഹർജിയിലെ ആരോപണങ്ങൾ.
വെയർ ഹൗസിങ് ചെയർമാൻ പദവി വഹിച്ചുകൊണ്ട് എംഎൽഎയായത് ഇരട്ടപ്പദവി നിയമത്തിന്റെ ലംഘനമാണെന്നും ആരോപിച്ചിരുന്നു.
എന്നാൽ വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും വരണാധികാരിയുടെ അറിവോടും സമ്മതത്തോടുംകൂടി പൂർണവിവരങ്ങൾ പിന്നീട് സമർപ്പിച്ചിരുന്നെന്നുമായിരുന്നു വാഴൂർ സോമന്റെ നിലപാട്. സത്യവാങ്മൂലത്തിലെ നിസാര പിഴവുകളുടെ പേരിൽ പത്രിക തളളരുതെന്ന ഇലക്ഷൻ കമ്മീഷന്റെ മുൻ നിർദേശവും കോടതിയെ ധരിപ്പിച്ചു. ഇക്കാര്യങ്ങൾ അംഗീകരിച്ചാണ് എതിർ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഹർജി തളളിയത്. വിധിയെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് സിറിയക് തോമസ് പറഞ്ഞു