പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ എംഎൽഎ

news image
Oct 2, 2024, 5:41 am GMT+0000 payyolionline.in

തിരുവനന്തപുരം: സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു.

ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ ആരുണ്ടാക്കിയതാ ?സിപിഎം എന്നും അൻവർ നിലമ്പൂരിൽ പറഞ്ഞു. ഇടതുമുന്നണിയിൽ നിന്ന് പുറത്തുവന്നതിന് ശേഷമാണ് പുതിയ പാർട്ടി പ്രഖ്യാപനം. അതിനിടെ, ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അന്‍വര്‍ രൂക്ഷവിമർശനവും നടത്തി. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.

അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി  32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ ആരോപിച്ചു. കരിപ്പൂർ എന്ന വാക്ക്, കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. സ്വർണക്കള്ളക്കടത്തിൽ ധൈര്യമുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടേയെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

അതേസമയം, വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധം തീർക്കുകയാണ് സിപിഎം മന്ത്രിമാര്‍. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കെതിരെ ആക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe