പുതുപ്പള്ളിയിലേക്ക് അവസാന യാത്ര; സംസ്കാര ശുശ്രൂഷകൾ ഏഴരയോടെ

news image
Jul 20, 2023, 9:44 am GMT+0000 payyolionline.in

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം കോട്ടയം തിരുനക്കര മൈതാനിയിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. ഉച്ചക്ക് രണ്ടരയോടെയാണ് വിലാപയാത്ര തിരുനക്കരയിൽനിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. വൈകീട്ട് 4.30ഓടെ പുതുപ്പള്ളിയിലെ തറവാട് വീട്ടിലെത്തിക്കാനാണ് ശ്രമം. എന്നാൽ, വഴിയിൽ നിർത്തേണ്ടി വന്നാൽ ഇനിയും വൈകും. കുടുംബ വീട്ടിലും നിർമാണത്തിലുള്ള വീട്ടിലും പുതുപ്പള്ളി പള്ളിയിലും പൊതുദർശനം ഉണ്ടാകും. സംസ്കാര ശുശ്രൂഷകൾ രാത്രി ഏഴരയോടെ പുതുപ്പള്ളി പള്ളിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.

വൻ ജനക്കൂട്ടമാണ് പ്രിയ നേതാവിനെ അവസാനമായി കാണാൻ തിരുനക്കര മൈതാനിയിലേക്കൊ​ഴുകിയത്. തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ എത്തിയിട്ടുണ്ട്.

ത​ല​സ്ഥാ​ന​ത്തെ​ വി​വി​ധ​യി​ട​ങ്ങ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം ഇന്നലെ രാ​വി​ലെ ഏ​ഴി​നാ​ണ്​ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ പു​തു​പ്പ​ള്ളി ഹൗ​സി​ൽ നി​ന്ന്​ ഉമ്മൻ ചാണ്ടിയുടെ ജന്മനാട്ടിലേക്ക് വി​ലാ​പ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടി​യതോടെ വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് ജനം വഴിനീളെ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. രാത്രിയിലും മഴയത്തും ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe