കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണ ദിവസത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.
ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരയിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നിയമസഭാംഗത്വം രാജിവച്ചതിനെ തുടർന്ന് ധൻപുരിലും സിപിഎം എംഎൽഎയുടെ മരണത്തെ തുടർന്ന് ബോക്സാനഗർ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ഉത്തർപ്രദേശിലെ ഘോസിയിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്വാദി പാർട്ടി സ്ഥാനാർഥിക്കുണ്ട്. വെള്ളിയാഴ്ചയാണ് ഇവിടങ്ങളിലും വോട്ടെണ്ണൽ.