കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കലെ ആദ്യ മണിക്കൂറിൽ മികച്ച പോളിങ് രേഖപ്പെടുത്തി. ഏഴിന് ആരംഭിച്ച വോട്ടെടുപ്പിൽ 10 മണി വരെ 23.43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇതുവരെ 41336 വോട്ട് പോൾ ചെയ്തു. 21951 പുരുഷന്മാരും 19385 സ്ത്രീകളും വോട്ട് ചെയ്തെന്ന് പി.ആർ.ഡി അറിയിച്ചു. വൻ ജനപങ്കാളിത്തമാണ് ഓരോ പോളിങ് ബൂത്തിലുമുള്ളത്.
പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും മണർകാട് കണിയാംകുന്ന് എൽ.പി.എസിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തി. പാമ്പാടി എം.ജി.എം. എച്ച്.എസ്. 102-ാം നമ്പർ ബൂത്തിൽ മന്ത്രി വി.എൻ. വാസവൻ കുടുംബസമേതം വോട്ട് ചെയ്തു.
പാമ്പാടി എം.ജി.എം. എച്ച്.എസ്. 102-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി വി.എൻ. വാസവൻ കുടുംബസമേതം
യുവാക്കൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് ജനം ഇന്ന് വിധിയെഴുതും. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് ആറിന് പൂർത്തിയാകും. 182 പോളിങ് ബൂത്താണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ പത്തെണ്ണം പൂർണമായും വനിതകളാകും നിയന്ത്രിക്കുക. എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ച 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കലക്ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫിന്റെ ചാണ്ടി ഉമ്മൻ, എൽ.ഡി.എഫിന്റെ ജെയ്ക് സി. തോമസ്, ബി.ജെ.പിയുടെ ജി. ലിജിൻ ലാൽ, ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ് എന്നിവരാണ് പ്രധാനമായുള്ളത്. ഇവർക്ക് പുറമെ പി.കെ. ദേവദാസ്, ഷാജി, സന്തോഷ് പുളിക്കൽ എന്നീ മൂന്ന് സ്വതന്ത്രന്മാരുമുണ്ട്. 53 വർഷം എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടി ജൂലൈ 18ന് അന്തരിച്ചതിനെ തുടർന്നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,76,417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. ഇതിൽ 957 പേർ പുതിയ വോട്ടർമാരാണ്. 2021ൽ 9044 വോട്ടിനാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പൊതുനിരീക്ഷകരെയും ചെലവ്, പൊലീസ് നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ്.
സുരക്ഷക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്ക് 872 ഉദ്യോഗസ്ഥരാണുള്ളത്. വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഈ മാസം എട്ടിന് കോട്ടയം മാർ ബസേലിയോസ് കോളജിലാണ് വോട്ടെണ്ണൽ.