പയ്യോളി: പുറക്കാട് നോർത്ത് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെ.പി. ലക്ഷ്മി അമ്മ മെമ്മോറിയൽ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടന്നു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഒന്നാം ക്ലാസ്, മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും എ.ഇ.ഒ നിർവ്വഹിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച മുൻ വിദ്യാർത്ഥികളെയും എൽ.എസ്.എസ് വിജയികളെയും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി. അൽതാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി ബി.പി.സി രാഹുൽ എം.കെ മുഖ്യാതിഥിയായിരുന്നു.
പി. വേണുഗോപാൽ, കെ.പി. ഷർഷാദ്, സി. കുഞ്ഞാമു, വി.പി. ബിജു, അബൂബക്കർ കൗസർ, ടി.എ. യൂസുഫ്, സത്യൻ പുളിഞ്ഞോളി, ഇ.കെ. ദൃശ്യ, പി. അനിൽകുമാർ, ഫൈസൽ ടി.എം.സി, നിധിൻ രാജ് പി തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. നൗഷാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനീത കെ.കെ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
