മുംബൈ: ഒൻപതാം ക്ലാസിൽ ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് സിബിഎസ്ഇ അംഗീകാരം നൽകിയതായി വിവരം. 2026-27 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ അനുവദിക്കും. വിദ്യാർഥികളിൽ പരീക്ഷാ സംബന്ധമായ സമ്മർദം ലഘൂകരിക്കാനാണ് ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് അംഗീകാരം നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023ൽ സിബിഎസ്ഇ പാഠ്യപദ്ധതി സമിതി ഓപ്പൺ ബുക്ക് പരീക്ഷ എന്ന ആശയം ആദ്യമായി വിലയിരുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത പൈലറ്റ് പ്രോജക്റ്റും നടത്തി. 9, 10 ക്ലാസുകളിൽ ഇംഗ്ലിഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും, 11, 12 ക്ലാസ്സുകളിൽ ഇംഗ്ലിഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമാണ് പരീക്ഷണം നടത്തിയത്. ഓപ്പൺ-ബുക്ക് പരീക്ഷകൾക്കായി വിശദമായ ചട്ടക്കൂട്, മാർഗനിർദേശങ്ങൾ, മാതൃകാ ചോദ്യപേപ്പറുകൾ എന്നിവ സിബിഎസ്ഇ നൽകും. തുടക്കത്തിൽ, ഈ മൂല്യനിർണയം എല്ലാ സ്കൂളുകളിലും നിർബന്ധമാക്കാൻ സാധ്യതയില്ല. സ്കൂളുകൾക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകിയേക്കും.