ചെങ്ങന്നൂർ: ബൈക്കിൽ പെട്രോൾ അടിച്ച ശേഷം ബാക്കി തുക നൽകാൻ വൈകിയെന്ന് ആരോപിച്ച് വയോധികനായ പമ്പ് ജീവനക്കാരനെ മർദിച്ച യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ മാലംപുറത്തുഴത്തിൽ അജു അജയൻ(19), പുല്ലാട് ബിജുഭവനത്തിൽ ബിനു (19) എന്നിവരാണ് പിടിയിലായത്.
19ന് രാത്രി 12.30ന് എം സി റോഡിൽ ചെങ്ങന്നൂർ ടൗണിൽ കത്തോലിക്ക പള്ളിക്ക് സമീപത്തെ പമ്പിലാണ് സംഭവം. ബൈക്കിൽ 50 രൂപക്ക് പെട്രോൾ അടിച്ച പ്രതികൾ 500 രൂപ നൽകി. ബാക്കി നൽകാൻ വൈകിയെന്ന് പറഞ്ഞ് ജീവനക്കാരനുമായി വാക്കേറ്റമുണ്ടാക്കി. ശേഷം പമ്പിൽ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കൾ വാഹനം റോഡരികിൽ നിർത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് മർദിക്കുകയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിൽ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്.
സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇരുവരും നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ എ.സി. വിപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. പ്രദീപ്, നിധിൻ, സിനീയർ സി.പി.ഒ ശ്യാംകുമാർ, സിവിൽ പൊലീസ് ഓഫിസർ ജിജോ സാം, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.