കൊച്ചി∙ പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ കാട്ടാന ആക്രമണം. ഇന്നു പുലർച്ചെ 6 മണിയോടെയാണ് പ്രദേശവാസിയായ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 17 കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി മാറിയതോടെയാണ് രക്ഷപ്പെട്ടത്. കാട്ടാനകൾ ബൈക്ക് പൂർണമായും തകർത്തു.
അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന സമീപത്തുണ്ടായിരുന്ന കിണറ്റിൽ വീണു. ഇതോടെ കാട്ടാനക്കൂട്ടം മേഖലയിൽ തുടർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. തുടർന്ന് വനംവകുപ്പ് എത്തി കിണർ ഇടിച്ചാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്. ഇതിനിടെ വനംവകുപ്പിന്റെ ജീപ്പിന് നേർക്കും കാട്ടാനകൾ ആക്രമിക്കാൻ എത്തി. ഏകദേശം ഒരു മണിക്കൂറോളമാണ് മേയ്ക്കപ്പാല ഗ്രാമവാസികളെ കാട്ടാനകൾ മുൾമുനയിൽ നിർത്തിയത്. കുട്ടിയാനയെ പുറത്തെത്തിച്ച ശേഷം കാട്ടാനകളെ വനംവകുപ്പ് കാടുകയറ്റി വിട്ടു. മേഖലയിൽ നിരവധി തവണ കാട്ടാന ആക്രമണം നടന്നെങ്കിലും വനംവകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.