പെർഫ്യൂം ലഹരി പദാർഥമാണെന്ന് തെറ്റിദ്ധരിച്ചു: ഇന്ത്യൻ വംശജന്റെ വിസ മരവിപ്പിച്ചു

news image
Oct 7, 2025, 5:04 am GMT+0000 payyolionline.in

അർക്കൻസാസ്: ‘ഒപ്പിയം’ എന്ന് പേരുള്ള പെർഫ്യൂം കണ്ടതിനെ തുടർന്ന് ഇന്ത്യൻ വംശജനായ യുവാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി വിസ റദ്ദാക്കിയതായി പരാതി. ‘ഒപ്പിയം’ എന്ന് ലേബൽ ചെയ്ത പെർഫ്യൂം കുപ്പി മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തത്. വിസ റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ യുവാവ് നാടുകടത്തൽ ഭീഷണിയിലാണ്. അർക്കൻസാസിൽ താമസിക്കുന്ന കപിൽ രഘുവിന്റെ യു.എസ് വിസയാണ് പൊലീസ് നടപടികളെ തുടർന്ന് റദ്ദാക്കപ്പെട്ടത്.

ട്രാഫിക് നിയമലംഘനത്തിന് തടഞ്ഞുനിർത്തിയ പൊലീസ് കാർ പരിശോധിക്കുന്നതിനിടയിൽ കാറിൽനിന്ന് ഒപ്പിയം എന്നെഴുതിയ കുപ്പി കണ്ടെത്തുകയായിരുന്നു. ഇത് നിരോധിത മയക്കുമരുന്നാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാൽ കുപ്പിയിലുള്ളത് താൻ ഉപയോഗിക്കുന്ന ഡിസൈനർ പെർഫ്യൂം ആണെന്ന് രഘു ആവർത്തിച്ച് പറഞ്ഞെങ്കിലും മയക്കുമരുന്ന് കൈവശം വെച്ചുവെന്നാരോപിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരിശോധനയുടെ ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ കാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. നിങ്ങളുടെ സെന്റർ കൺസോളിൽ ഒരു ഒപ്പിയം കുപ്പിയുണ്ടല്ലോ എന്ന് ഉദ്യോഗസ്ഥർ രഘുവിനോട് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഭക്ഷണം ഡെലിവറി ചെയ്യുകയായിരുന്നു രഘു. താൻ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അറസ്റ്റിൽ ആശയക്കുഴപ്പമുണ്ടെന്നും പ്രാദേശിക പത്രമായ സാലിൻ കൊറിയറിനോട് അദ്ദേഹം പറഞ്ഞു.

കേസിനാസ്പദമായ കുപ്പിയിൽ ഉണ്ടായിരുന്നത് പെർഫ്യൂമാണെന്ന് അർക്കൻസാസ് സ്റ്റേറ്റ് ക്രൈം ലാബ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പെർഫ്യൂമിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് രഘുവിന് സാലിൻ കൗണ്ടി ജയിലിൽ മൂന്ന് ദിവസമാണ് ചെലവഴിക്കേണ്ടിവന്നത്.

ജയിൽവാസത്തിനുശേഷം രഘുവിനെ ലൂസിയാനയിലെ ഫെഡറൽ ഇമിഗ്രേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. യു.എസിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) രഘുവിനെ ഇവിടെ 30 ദിവസം തടഞ്ഞുവെച്ചു. മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ജില്ലാ കോടതി തള്ളിയെങ്കിലും തടവിൽ തുടരുകയായിരുന്ന രഘുവിന്റെ വിസ റദ്ദാക്കപ്പെട്ടിരുന്നു. നിലവിൽ രഘുവിന് ‘നാടുകടത്തൽ’ ഭീഷണിയുമുണ്ട്.

രഘുവിന്റെ ഇമിഗ്രേഷൻ രേഖകൾ പരിശോധിച്ചപ്പോൾ വിസയുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് പിഴവ് മൂലമാണെന്ന് വിസ പുതുക്കാൻ സാധിക്കാതിരുന്നതെന്ന് രഘുവിന്റെ അഭിഭാഷകൻ മൈക്ക് ലോക്സ് പറഞ്ഞു. സമയബന്ധിതമായി രേഖകൾ സമർപ്പിക്കാൻ മുൻ അഭിഭാഷകൻ പരാജയപ്പെട്ടതാണ് വിസ പ്രശ്നത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ഐ.സി.ഇ ഓഫീസിലേക്ക് രഘു കത്തെഴുതിയിരുന്നു.

അറസ്റ്റിനെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കുന്നതിൽ ബെന്റൺ പൊലീസ് വീഴ്ച വരുത്തിയതായി രഘുവിന്റെ അഭിഭാഷകൻ ആരോപിച്ചു. അറസ്റ്റിലായ വിദേശ പൗരന്മാർക്ക് നിയമപരവും കോൺസുലറുമായ പിന്തുണ ഉറപ്പാക്കുന്ന നടപടിക്രമമാണ് പൊലീസ് പാലിക്കാതിരുന്നതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ ഐ.സി.ഇ മേൽനോട്ടം വഹിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe