മലപ്പുറം: ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ പെർമിറ്റ് പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന 2023 മേയ് നാലിലെ വിജ്ഞാപനം പിൻവലിക്കണമെന്ന് മലപ്പുറം ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ടിക്കറ്റ് ചാർജ് പഴയ നിരക്കിൽ തുടരുന്നതിനാൽ വൻ നഷ്ടമാണ് ബസുടമകൾക്ക് ഉണ്ടാകുന്നത്.
കെ.എസ്.ആർ.ടി.സി ബസുകളിൽ 10 ശതമാനത്തിൽ താഴെ മാത്രമേ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നുള്ളൂ. ദീർഘകാലമായി സർവിസ് നടത്തുന സ്വകാര്യ ബസുകളുടെ പെർമിറ്റ് ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നൽകണം. ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമീഷനെ നിശ്ചയിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ജൂൺ അഞ്ചിന് നിരാഹാര സമരം ആരംഭിക്കുമെന്ന് ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി. മുഹമ്മദ് എന്ന നാണിയും ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നനും അറിയിച്ചു.