പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം: നിർമാണം പുരോഗമിക്കുന്നു; 2027ൽ പൂർത്തിയാകും

news image
Dec 29, 2025, 4:11 pm GMT+0000 payyolionline.in

പേരാമ്പ്ര: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം നിർമാണം 2027ൽ പൂർത്തീകരിക്കുമെന്ന് ടി.പി.രാമകൃഷ്ണൻ എംഎൽഎ. താലൂക്ക് ആശുപത്രി കെട്ടിടം നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. 7 നില കെട്ടിടത്തിൽ ആദ്യ 4 നിലകളിൽ ഓപ്പറേഷൻ തിയറ്റർ, ഗൈനക്കോളജി വിഭാഗം, സ്കാനിങ്, ഇസിജി, ലാബ്, എക്സ്റേ സംവിധാനങ്ങളും അതിനോട് അനുബന്ധിച്ചുള്ള കെട്ടിടത്തിൽ മോർച്ചറി സംവിധാനവും ഒരുക്കും. 77 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണു പദ്ധതി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 56 കോടി രൂപ ചെലവഴിച്ചാണു നിർമാണം തുടങ്ങിയത്. പൊതുമേഖല സ്ഥാപനമായ ഇൻകെലിന് ആണു പദ്ധതി മേ‍ൽനോട്ടം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമാണം നടത്തുന്നത്. നിർമാണ പ്രവൃത്തി പരിശോധിക്കാൻ എത്തിയ എംഎൽഎക്കും സംഘത്തിനും പ്രോജക്ട് എൻജിനീയർ എൻ.എം.സലീമ, പ്രോജക്ട് അസിസ്റ്റന്റ് മാനേജർ മധു പാറയിൽ എന്നിവർ പദ്ധതി വിശദീകരിച്ചു. എത്രയും പെട്ടെന്നു മണ്ണു നീക്കി നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ എംഎൽഎ, യുഎൽസിസി അധികൃതർക്ക് നിർദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe