കൊയിലാണ്ടി: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് പൊയിൽക്കാവ് ഭാഗത്തെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെയും നാട്ടുകാരെയും വലയ്ക്കുന്നു. പൊയിൽക്കാവിൽ നിർമിച്ച അടിപ്പാതയുടെ (Underpass) പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡ് സജ്ജമാണെങ്കിലും കിഴക്കുഭാഗത്ത് പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല.
നിലവിൽ കിഴക്കുഭാഗത്ത് ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി കെട്ടിപ്പൊക്കുന്ന പണി മാത്രമാണ് നടക്കുന്നത്. ഇത് പൂർത്തിയായതിന് ശേഷം മാത്രമേ സർവീസ് റോഡിന്റെ നിർമാണം ആരംഭിക്കൂ എന്നതിനാൽ പ്രവൃത്തികൾ നീണ്ടുപോകാനാണ് സാധ്യത. കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ അടിപ്പാതയ്ക്ക് മുകളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ സർവീസ് റോഡ് പൂർണ്ണമായും സജ്ജമാക്കാത്തത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്.
മാർച്ച് 14 മുതൽ 20 വരെ നടക്കുന്ന പൊയിൽക്കാവ് ക്ഷേത്രമഹോത്സവത്തിന് റോഡ് പണി പൂർത്തിയാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കും. കിഴക്കുഭാഗത്തുനിന്ന് നിരവധി വരവ് സംഘങ്ങൾ ക്ഷേത്രത്തിലേക്ക് എത്താനുള്ളതാണ്. റോഡിലെ തടസ്സങ്ങൾ ഉത്സവത്തിനെത്തുന്നവർക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രഭാരവാഹികൾ ദേശീയപാതാ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്ത് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
