പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം

news image
Sep 28, 2025, 5:21 pm GMT+0000 payyolionline.in

ദുബൈ: ഏഷ്യ കപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 147 റൺസ് ദൂരം. കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഓപണർമാരായ സാഹിബ്സാദ ഫർഹാന്റെയും ഫഖർ സമാന്റെയും ബാറ്റിങ് മികവിൽ പാക് ടീമിന് ഗംഭീര തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 113 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്താന് 33 റൺസെടുക്കുന്നതിനിടെയാണ് ബാക്കി എട്ടുവിക്കറ്റ് നഷ്ടമായത്.ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് ​മെച്ചപ്പെട്ട സ്കോറെന്ന പാക് പ്രതീക്ഷകൾ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പാകിസ്താൻ കഴിഞ്ഞ മത്സരത്തിൽ അതേ ടീമിനെ നിലനിർത്തിയപ്പോൾ പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്ഇന്ത്യൻ ബൗളർമാർക്കെതിരെ കരുതലോടെ തുടങ്ങിയ പാക് ഓപണർമാർ പതിയെ വെടിക്കെട്ട് മൂഡിലേക്ക് നീങ്ങുകയായിരുന്നു. 9.4 ഓവറിൽ 84 റൺസിൽ നിൽക്കെയാണ് പാക് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ തിലക് വർമ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടന്നെത്തിയ സയിം അയ്യൂബ് (14) കാര്യമായ ചെറുത്ത് നിൽപ്പിന് ശ്രമിക്കാതെ കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങി. നിലയുറപ്പിക്കും മുൻപെ (0) മുഹമ്മദ് ഹാരിസിനെ അക്ഷർ പട്ടേൽ റിങ്കുസിങ്ങിന്റെ കൈകളിൽ എത്തിച്ചു. 35 പന്തിൽ 46 റൺസെടുത്ത ഫഖർ സമാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങും എന്ന് തോന്നിയ പാക് നില പരുങ്ങിലിലായി. ഹുസൈൻ തലാത്തിനെ (1) അക്ഷർ പട്ടേലിന്റെ ബൗളിങ്ങിൽ സഞ്ജു സാംസൺ പിടികൂടി. ക്യാപ്റ്റൻ സൽമാൻ ആഗയേയും (8) ഷഹീൻ അഫ്രീദിയെയും (0) ഫഹീം അഷ്റഫിനെയും (0) തന്റെ അവസാന ഓവറിൽ പുറത്താക്കി കുൽദീപ് പാകിസ്താന് കനത്ത പ്രഹരമേൽപ്പിച്ചു. ഹാരിസ് റൗഫിനെയും (6) മുഹമ്മദ് നസാവിനെയും ബുംറയും വീഴ്ത്തിയതോടെ പാക് ടീമിന്റെ കഥകഴിഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe