പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ ബസിനുള്ളിൽ കുടുങ്ങി, പുലർച്ചെ വണ്ടി പൊളിച്ച് കെഎസ്ആർടിസിയുടെ റസ്ക്യൂ

news image
Jun 23, 2026, 6:04 am GMT+0000 payyolionline.in

കോട്ടയം: യാത്രക്കിടെ മൊബൈൽ ഫോൺ ബസിന്റെ ബോഡിക്കുള്ളിൽ കുടുങ്ങി. വണ്ടി പൊളിച്ച് ഫോണിന് രക്ഷാപ്രവർത്തനവുമായി കെഎസ്ആർടിസി. ബസിനുള്ളിൽ നിന്ന് കേട്ട വൈബ്രേഷൻ ശബ്ദമാണ് വിദ്യാർഥിയുടെ മൊബൈലിലേക്കുള്ള വഴികാട്ടിയായത്. പാലാ ഡിപ്പോയിലെ മെക്കാനിക് വിഭാഗം നടത്തിയ സൂക്ഷ്മ പരിശോധനയിൽ ബോഡിക്കുള്ളിൽ കുടുങ്ങിയ ഫോൺ കണ്ടെത്തി പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന്റെ ബോഡിക്കുള്ളിൽ കുടുങ്ങിയ മൊബൈൽ ഫോൺ പുറത്തെടുക്കാൻ പാലാ ഡിപ്പോയിൽ പുലർച്ചെ ഒന്നര മണിയോടെ നടത്തിയത് ശ്രമകരമായ അപൂർവ രക്ഷാദൗത്യമായിരുന്നു.

കോഴിക്കോട് നിന്ന് മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്തിരുന്ന മെഡിക്കൽ വിദ്യാർഥികളുടെ 10 അംഗ സംഘത്തിലെ ഒരാളുടെ മൊബൈൽ ഫോണാണ് അബദ്ധത്തിൽ ബസിനുള്ളിലേക്ക് വീണത്. ബസിന്റെ ബോഡിയിലെ പൊട്ടിയ വിടവിലൂടെ ഫോൺ അകത്തേക്ക് വഴുതിപ്പോകുകയായിരുന്നു.വൈകുന്നേരം 4.30ന് കോഴിക്കോട് നിന്ന് പുറപ്പെട്ട ബസ് കുന്നംകുളത്ത് എത്തിയപ്പോഴാണ് ഫോൺ നഷ്ടമായതായി വിദ്യാർഥി തിരിച്ചറിഞ്ഞത്. പിന്നീട് തൃശൂരിൽ എത്തിയപ്പോൾ ഫോണിലേക്ക് വിളിച്ച് നോക്കിയപ്പോൾ വൈബ്രേഷൻ കേട്ടതോടെ ഫോൺ ബസിനുള്ളിൽ തന്നെയുണ്ടെന്ന് ഉറപ്പായി.

മൂവാറ്റുപുഴയിൽ എത്തിയപ്പോൾ ഫോൺ നഷ്ടപ്പെട്ട വിദ്യാർഥിയെ ഒഴികെ സംഘത്തിലെ മറ്റുള്ളവർ ഇറങ്ങി. തുടർന്ന് ബസ് പാലാ ഡിപ്പോയിൽ എത്തിയശേഷം വിവരം അധികൃതരെ അറിയിച്ചു. പുലർച്ചെ 1.30ഓടെ ബസിന്റെ ബോഡിയുടെ തകിട് അഴിച്ച് മാറ്റിയാണ് മെക്കാനിക്കുകൾ ഫോൺ പുറത്തെടുത്തത്. ഏകദേശം അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫോൺ സുരക്ഷിതമായി വീണ്ടെടുത്തത്. കണ്ടക്ടർ വികാസ് ചന്ദ്രനും ഡ്രൈവർ സി ടി സുരേഷും ഉൾപ്പെടെയുള്ള ജീവനക്കാരുടെ സഹകരണവും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe