പോറ്റിയേ കേറ്റിയേ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ എറണാകുളത്ത് പ്രതിഷേധം

news image
Dec 19, 2025, 12:35 pm GMT+0000 payyolionline.in

കൊച്ചി: പോറ്റിയേ കേറ്റിയേ പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ പ്രതിഷേധവുമായി കോൺ​ഗ്രസ്. ​ഗാനം കൂട്ടത്തോടെ പാടിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. വൈകുന്നേരം 5 മണിയോടെയാണ് എറണാകുളം മേനകയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കെ ബാബു ഉൾപ്പെടെയുള്ള നേതാക്കളാണ് ​ഗാനം പാടി പ്രതിഷേധിച്ചത്. നിരവധി പേരാണ് പാരഡി ​ഗാനത്തിൽ പ്രതിഷേധിക്കാൻ എത്തിയത്. പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ സർക്കാർ പിന്നോട്ട് പോവുകയാണ്. കേസെടുത്ത സംഭവം മരവിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

വിവാദത്തിൽ കൂടുതൽ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി നിർദ്ദേശം നൽകി. പാട്ടിൻെറ അണിയറ പ്രവർത്തകർക്കെതിരെ എടുത്ത കേസിലെ തുടർ നടപടി മരവിപ്പിക്കും. അതിനിടെ, പാട്ട് നീക്കം ചെയ്യരുതെന്ന് മെറ്റയോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പോറ്റി പാട്ടിൽ കേസെടുത്തതിൽ സർക്കാറിനെതിരെ ഉയർന്നത് വ്യാപക പ്രതിഷേധമാണ്. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നൽകിയ പരാതിയിൽ പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തത് ഇടത് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചിരുന്നു. ആദ്യ കേസിന് പിന്നാലെ പാട്ടിനെതിരെ വിവിധ ജില്ലകളിൽ സിപിഎം നേതാക്കളടക്കം കൂട്ട പരാതി നൽകി. ആദ്യ കേസിൽ കൈ പൊള്ളിയതോടെ പിന്നോട്ട് നീങ്ങുകയാണ് സർക്കാർ.

ഇനി കേസ് വേണ്ടെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് നിലനിൽക്കില്ല, തിരിച്ചടിയാകുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ ഉള്‍പ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉന്നതങ്ങളിലെ ഇടപെടലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുക്കാൻ കാരണം. കോടതിയിൽ തിരിച്ചടി ഭയന്ന് അന്വേഷണ സംഘം ഒരടിപോലും മുന്നോട്ടുവച്ചില്ല. പാട്ടു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റക്കും യൂട്യൂബിനും കത്ത് തയ്യാറാക്കിയെങ്കിലും ഇതുവരേയും അയച്ചില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe