പ്രചാരണത്തിനായി മുഖ്യമന്ത്രിയും 15 മന്ത്രിമാരും പുതുപ്പള്ളിയിലേക്ക്

news image
Aug 22, 2023, 6:54 am GMT+0000 payyolionline.in

കോട്ടയം ∙ പ്രചാരണത്തിനായി മുഖ്യമന്ത്രിയും 15 മന്ത്രിമാരും നാളെ മുതൽ പുതുപ്പള്ളിയിലേക്ക്. വി.ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, കെ.കൃഷ്ണൻകുട്ടി, ജെ.ചിഞ്ചുറാണി, കെ.ബിന്ദു എന്നിവർ ഒഴികെയുള്ള എല്ലാ മന്ത്രിമാരും നാളെ മുതൽ മൂന്നു ദിവസത്തേക്കു മണ്ഡലത്തിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനത്തിലെ ആദ്യ രണ്ടു പൊതുപരിപാടികൾ 24നാണ്. തുടർന്നു 30, സെപ്റ്റംബർ ഒന്ന് തീയതികളിൽ 6 പൊതുയോഗങ്ങളിൽകൂടി മുഖ്യമന്ത്രി പ്രസംഗിക്കും.

മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽ ഒരു പരിപാടി എന്ന തരത്തിലാണു മുഖ്യമന്ത്രിയുടെ പ്രചാരണം. വികസന സന്ദേശ സദസ്സ് എന്നു പേരിട്ടിരിക്കുന്ന സംവാദ പരിപാടികളിലാണു മന്ത്രിമാർ പങ്കെടുക്കുന്നത്. 23, 25, 26 തീയതികളിൽ സംവാദ പരിപാടി നടക്കും. മണ്ഡലത്തെ 20 സോണുകളായി തിരിച്ചാണു പരിപാടി. നാട്ടുകാരനായ മന്ത്രി വി.എൻ.വാസവനാണ് ഏറ്റവും കൂടുതൽ വികസന സന്ദേശ സദസ്സുകളിൽ പങ്കെടുക്കുന്നത്; 4 എണ്ണം. നാളെ 13 മന്ത്രിമാർ മണ്ഡലത്തിലുണ്ടാകും. 24, 25, 26 തീയതികളിൽ ബാക്കി സ്ഥലങ്ങളിലും സന്ദേശ സദസ്സ് നടക്കും. ഓരോ പ്രദേശത്തെയും വികസനത്തെക്കുറിച്ചു ചർച്ച ചെയ്യുകയാണു പരിപാടിയുടെ ലക്ഷ്യമെന്ന് എൽഡിഎഫ് പറയുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മന്ത്രിമാർ വിട്ടുനിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാർ പുതുപ്പള്ളിയിൽ നിന്നു വിട്ടു നിൽക്കുകയാണെന്നു വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe