പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് നല്ലത്, എന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണം: കെ കെ ശൈലജ

news image
May 18, 2026, 11:45 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് നല്ലതെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുതിർന്ന പി ബി അംഗമാണ് പിണറായി വിജയൻ. തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണമാണെന്നും അവർ പ്രതികരിച്ചു. പ്രചാരണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. തന്നെ മത്സരത്തിന് തെരഞ്ഞെടുത്തത് പാർട്ടിയാണെന്നും അവർ പറഞ്ഞു.

പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണിത്. വലിയ തോൽവിയാണ് ഉണ്ടായത്. മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. പുതിയ സർക്കാർ ആശമാരുടെ ഓണറേറിയം വർധിപ്പിച്ചത് സ്വാഗതം ചെയ്യുന്നു. എൽഡിഎഫ് സർക്കാർ മുൻകാലങ്ങളിൽ ഓണറേറിയം വർധിപ്പിച്ചതും ഓർക്കണം. കേന്ദ്ര വിഹിതം ലഭിക്കാതെ വരുമ്പോൾ സംസ്ഥാനങ്ങൾ സാമ്പത്തികമായി ഞെരുങ്ങുമെന്നും അവർ വ്യക്തമാക്കി.

ആശ വർക്കമാർക്ക് നൽകിയ വാക്ക് പാലിക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ആശമാരുടെ ഓണറേറിയം കൂട്ടാൻ തീരുമാനിച്ചെന്നും 3,000 രൂപയുടെ വർദ്ധനവായിരിക്കും ഉണ്ടാവുകയെന്നും വി ഡി സതീശൻ പറഞ്ഞു. വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളിൽ തീരുമാനിക്കുമെന്നും വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘ആദ്യഘട്ടത്തിൽ ആണ് 3,000 രൂപ വർദ്ധിപ്പിക്കുന്നത്. ഇതോടെ ആശമാരുടെ ഓണറേറിയം 12,000 രൂപയാകും. അങ്കണവാടി ജീവനക്കാരെ പരിഗണിക്കും. 1,000 രൂപ വർധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 1,000 രൂപ വർധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ ഓണറേറിയം 1,000 രൂപയായും വർധിപ്പിക്കും’, വി ഡി സതീശൻ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe