പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാൻ: മുഖ്യമന്ത്രി

news image
Feb 11, 2025, 3:14 pm GMT+0000 payyolionline.in

തൃശ്ശൂർ: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവാണ്. അതിന് പിന്നാലെയാണ് പ്രധാനമന്ത്രി പോകുന്നത്. രണ്ട് സന്ദർശനങ്ങളും യാദൃശ്ചിക സന്ദർശനമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ഗവൺമെൻറ് സ്വീകരിക്കുന്ന നടപടികൾ കൂടുതൽ കൂടുതൽ ജനവിരുദ്ധമാവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനുദാഹരണമാണ് ബജറ്റ്. കേരളത്തെ തഴഞ്ഞത് സ്വാഭാവികമായ കാര്യമാണ്, എപ്പോഴും ഉണ്ടാകുന്നതാണ്. എന്നാൽ ജനങ്ങൾക്ക് വേണ്ട പല പ്രധാന കാര്യങ്ങളും ബജറ്റിൽ ഇല്ല. കർഷകരെ ദ്രോഷിക്കുന്ന നടപടികൾ തുടരെ തുടരെ ഉണ്ടാകുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ വലിയ വെട്ടിക്കുറവ് ഉണ്ടാകുന്നു. പദ്ധതിയിൽ ഒരു പൈസ പോലും വർദ്ധിപ്പിക്കാൻ ഈ ബജറ്റിൽ കേന്ദ്ര ഗവൺമെൻറ് തയ്യാറായില്ല. രാജ്യത്ത് പാവപ്പെട്ടവർ കൂടുതൽ കൂടുതൽ പാവപ്പെട്ടവരാവുകയും സമ്പന്നർ വീണ്ടും സമ്പന്നരാവുകയുമാണ്. ആഹാരത്തിന് വഴിയില്ലാത്ത കോടിക്കണക്കിന് ആളുകളാണ് രാജ്യത്ത് ജീവിക്കുന്നത്. എന്നിട്ടും 7 ലക്ഷം കോടി രൂപയുടെ കുറവ് ഭക്ഷ്യ സബ്സിഡിയിൽ വരുത്തി. എന്ത് ക്രൂരതയാണിതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തോട് ശത്രുതാ മനോഭാവത്തോടെ കേന്ദ്രം പെരുമാറുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇതിന് എന്തു കുറ്റമാണ് കേരളം ചെയ്തത്? ഒരുപാട് നേട്ടങ്ങളുടെ കഥകൾ പറയാനുള്ള നാടാണ് കേരളം. നമ്മൾ പറയുന്നതല്ല അത്, മറിച്ച് ഇന്ത്യ ഗവൺമെൻറ് അടക്കം ചാർത്തി തന്നിട്ടുള്ള മികവുകളാണ്. പക്ഷേ ബജറ്റ് വരുമ്പോൾ തഴയപ്പെടുന്നു. സംസ്ഥാനത്തിന് അർഹമായ കാര്യങ്ങൾ അനുവദിക്കണം. നമുക്ക് അർഹതയില്ല എന്ന് ആരും പറയില്ല. ആരോഗ്യ മേഖലയിൽ ഇന്ത്യയിൽ മികച്ചത് കേരളമാണ്. ഇത് കേന്ദ്രവും അംഗീകരിച്ചതാണ്. എന്നാൽ നമുക്ക് എയിംസ് ഇല്ല. എയിംസ് അനുവദിക്കണമെന്ന് ദശാബ്ദങ്ങൾക്ക് മുൻപേ നമ്മൾ പറയുന്നതാണ്. എയിംസിന് നാല് സ്ഥലങ്ങൾ നിർദ്ദേശിച്ചു. അപ്പോൾ കേന്ദ്രം ഒരു പ്രത്യേക സ്ഥലം പറയണമെന്ന് പറഞ്ഞു. അതും നിർദ്ദേശിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കേരളം എന്ന പേര് പരാമർശിക്കാത്ത ബജറ്റാണ് കഴിഞ്ഞത്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടേത് നെറികേടിൻ്റെ ഭാഗമാണെന്നും നെറികെട്ട ഭാഷയാണ് അവരുടേതെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe